ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം സമര്‍പ്പിച്ച് ഉഷാകുമാരി
പാലക്കാട് : ഇനി എനിക്ക് സമാധാനമായെന്നുറങ്ങണം. ദുരിതബാധിതരെ സഹായിക്കാന്‍ എന്നെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത ശേഷം ഉഷാകുമാരി എന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞ വാക്കുകളാണിവ. പ്രളയക്കെടുതിയുടെ ദുരിത കാഴ്ച്ചകള്‍ അസ്വസ്ഥമാക്കിയ മനസ്സുമായാണ് കണ്ണാടി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജി.ഉഷാകുമാരി കുടുംബശ്രീ ജില്ലാ മിഷന് ഓഫീസിലേക്ക് കയറി ചെന്നത്. ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.സൈതലവി ചെക്ക് ഏറ്റുവാങ്ങി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ലഭിക്കുന്ന 6 മാസത്തെ ഓണറേറിയം, 'ധന്യുഷസ് ' ടൈലറിംഗ് യൂണിറ്റ്, പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'സ്വീറ്റ് ' കാന്റീന് & കാറ്ററിംഗ് യൂണിറ്റ് എന്നിവയില്‍ നിന്നുള്ള ഒരു മാസത്തെ വിഹിതം എന്നിവ ചേര്‍ത്ത് 50000 രൂപയും തന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന 50000 രൂപയും ഉള്‍പ്പെടെ ആകെ ഒരു ലക്ഷം രൂപയാണ് ഉഷ നവകേരള സൃഷ്ടിക്കായി സംഭാവന ചെയ്തത്. കിനാശ്ശേരിയില്‍ കാളിയംകുന്നം വീട്ടില്‍ രണ്ട് ആണ്‍മക്കളോടൊപ്പമാണ് ഉഷാകുമാരി താമസിക്കുന്നത്. മൂത്ത മകന് ആദിത്യന് പെരുവെമ്പ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെ മകന് അഗസ്ത്യന് പെരുവെമ്പ് ഹൈസ്കൂളില്‍ പത്താം ക്ലാസിലും പഠിക്കുന്നു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള ജി.ഉഷാകുമാരി 2004 ലാണ് കണ്ണാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മഹിള അയല്‍ക്കൂട്ടം അംഗമായി കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ചത്. അയല്‍ക്കൂട്ടം സെക്രട്ടറി, പ്രസിഡണ്ട് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 2005 ല്‍ എ.ഡി.എസ് മെമ്പറും 2009ല്‍ സി.ഡി.എസ് മെമ്പറുമായി. 2018 ജനുവരി 26 നാണ് സി.ഡി.എസ് ചെയര്‍പേഴ്സണായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുമ്പ് രണ്ട് തവണ വൈസ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 ല്‍ ഉഷാകുമാരി പങ്കാളിയായി ധന്യുഷസ് ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചു. പിന്നീട് 2013 ല്‍ കാന്റീന് & കാറ്ററിംഗ് യൂണിറ്റും ആരംഭിച്ചു. ഈ രണ്ട് സംരംഭങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഉഷയും മക്കളും ജീവിക്കുന്നത്. ഈ വര്‍ഷത്തെ ഓണത്തിന് താനും മക്കളും പുത്വസ്ത്രങ്ങളൊന്നും വാങ്ങാതെ ദുരിതത്തിലായ സഹോദരങ്ങള്‍ക്കൊപ്പം നില്ക്കാന് തീരുമാനിച്ച കാര്യവും ഏറെ അഭിമാനത്തോടെയാണ് പറഞ്ഞത്. ഉഷാകുമാരിയിപ്പോള് പ്ലസ് വണ്‍ തത്തുല്യ പരീക്ഷയെഴുതുന്നതിന് തയ്യാറെടുക്കുകയാണ്. പഠന കാലം മുതലേ പൊതുപ്രവര്‍ത്തന രംഗത്ത് താല്പര്യമുണ്ടായിരുന്ന ഉഷാകുമാരി കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ഇടപെടുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളി യൂണിയന് ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് ജി.ഉഷാകുമാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."