കോടതിയലക്ഷ്യമോ കള്ളസാക്ഷ്യമോ?
കോടതികള്‍ മിക്കപ്പോഴും ജര്‍മ്മന്‍ ബൊഹീമിയന്‍ സാഹിത്യകാരനായ ഫ്രാന്‍സ് കാഫ്കയുടെ 'വിചാരണ' (ദി ട്രയല്‍) എന്ന നോവലിനെ ഓര്‍മിപ്പിക്കുംവിധം ദുഃസ്വപ്ന സമാനമാണ്. എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്നോ എന്താണ് അതിനുള്ള പ്രതിവിധിയെന്നോ മനസിലാക്കന്‍ കഴിയാതെ കുഴയുന്ന മനുഷ്യരുടെ വിഹ്വലതകള്‍ നിറഞ്ഞതാണ് കോടതി മുറികള്‍. എന്നാല്‍ അപൂര്‍വം ചിലപ്പോള്‍ അത്യന്തം രസകരമായ നിമിഷങ്ങള്‍ക്ക് കോടതി മുറികള്‍ സാക്ഷ്യംവഹിക്കാറുണ്ട്. അത്തരം ഒരു കഥയിലെ നായകന്മാറായിരുന്നു സുപ്രിം കോടതി ജഡ്ജിയായിരുന്ന കുല്‍ദീപ് സിങ്ങും അന്നത്തെ അറ്റോര്‍ണി ജനറലായിരുന്ന ജി. രാമസ്വാമിയും. ഒരിക്കല്‍ ജസ്റ്റിസ് കുല്‍ദീപ് സിങ് അറ്റോര്‍ണി ജനറല്‍ രാമസ്വാമിക്കെതിരേ തിരിഞ്ഞു: 'ഇവിടെ ഇരിക്കുന്ന ഞങ്ങളെല്ലാം വിഡ്ഢികളാണെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത് ?' കുല്‍ദീപ് സിങ്ങുമായി സൗഹൃദ ബന്ധമുണ്ടായിരുന്ന രാമസ്വാമി തിരിച്ചടിച്ചു: 'ബഹുമാനപ്പെട്ട കോടതി എന്നെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നു. ഞാന്‍ അതെ എന്ന് പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാവും; അല്ലെന്നു പറഞ്ഞാലോ കള്ളസാക്ഷ്യവും!' സമാനമായൊരു ധര്‍മ്മസങ്കടം കോടതിയലക്ഷ്യ കേസുകളില്‍ പ്രശാന്ത് ഭൂഷനെ പോലെ സാമാന്യജനവും പലപ്പോഴും നേരിടേണ്ടിവരും - കോടതിയലക്ഷ്യം നേരിടണോ അതോ കള്ളസാക്ഷ്യം പറഞ്ഞു രക്ഷപ്പെടണോ എന്നതാണ് ധര്‍മ്മ സങ്കടം.
കോടതിയലക്ഷ്യത്തിന് രണ്ടുത്തരമുണ്ട് - സിവില്‍ കോടതിയലക്ഷ്യവും ക്രിമിനല്‍ കോടതിയലക്ഷ്യവും. കോടതി വിധി മാനിക്കാതിരിക്കുക എന്നതാണ് സിവില്‍ കോടതിയലക്ഷ്യം. പൊതുജനമധ്യത്തില്‍ കോടതിയുടെ വിലയിടിക്കുന്ന രീതിയില്‍ പെരുമാറുക (സ്‌കാന്‍ഡേലൈസിങ് ദി കോര്‍ട്ട്) എന്നതാണ് ക്രിമിനല്‍ കോടതിയലക്ഷ്യം. സിവില്‍ കോടതിയലക്ഷ്യത്തെ പറ്റി കാര്യമായ എതിരഭിപ്രായം ആര്‍ക്കുമില്ല - ക്രിമിനല്‍ കോടതിയലക്ഷ്യമാണ് വിവാദ വിഷയം.
ജൂലൈ 27, ജൂണ്‍ 29 തിയതികളില്‍ പ്രശാന്ത് ഭൂഷണ്‍ പ്രസിദ്ധീകരിച്ച രണ്ടു ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് ഭൂഷണ്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് സുപ്രിം കോടതി വിധിച്ചത്. എന്‍. റാം അടക്കമുള്ള പ്രമുഖ വ്യക്തികള്‍ കോടതിയലക്ഷ്യം ഭരണഘടനയുടെ 19 (1) (എ) വകുപ്പ് പ്രകാരമുള്ള സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനു തടസമാണെന്ന് ആരോപിച്ചുകൊണ്ട് കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ചു. ഏതായാലും ക്രിമിനല്‍ കോടതിയലക്ഷ്യം ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രസക്തമാണോ എന്ന ചര്‍ച്ചയിലേക്ക് ഈ വിവാദങ്ങള്‍ നയിക്കും എന്ന് പ്രതീക്ഷിക്കാം.
കോടതിയലക്ഷ്യം എന്ന സങ്കല്‍പം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ബ്രിട്ടിഷുകാരാണ്. എന്നാല്‍ 1899ല്‍ തന്നെ കോടതിയലക്ഷ്യം ഇംഗ്ലണ്ടില്‍ അപ്രസക്തമാണെന്ന് പ്രിവി കൗണ്‍സില്‍, മാക്‌ലിയോഡും സെന്റ് ഒബിനും തമ്മിലുള്ള കേസില്‍ നിരീക്ഷിച്ചിരുന്നു. 'സ്‌പൈ ക്യാച്ചര്‍' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ പ്രഭുസഭയിലെ മൂന്ന് നിയമ പ്രഭുക്കന്മാരുടെ (ജഡ്ജിമാരുടെ) ചിത്രം തലകീഴായി പ്രസിദ്ധീകരിച്ച് 'നിങ്ങള്‍ കിഴവന്‍ വിഡ്ഢികളാണ്' എന്ന് 1980 കളില്‍ ഡെയിലി മിറര്‍ പത്രം പറഞ്ഞപ്പോള്‍ ബ്രിട്ടിഷ് ജുഡിഷ്യറി അത് അവഗണിക്കുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഈ ജഡ്ജിമാരില്‍ ഒരാളായ ടെംപ്ള്‍മാന്‍ പ്രഭു പറഞ്ഞത് 'ഞാന്‍ കിഴവനാണ്; വിഡ്ഢിയാണ് എന്ന് എഡിറ്റര്‍ക്കും തോന്നുന്നുവെങ്കില്‍ പിന്നെ എവിടെയാണ് കോടതിയലക്ഷ്യം' എന്നാണ്. എന്നാല്‍ ഇന്ത്യയില്‍ കോടതിയലക്ഷ്യം ഒരു ഡെമോക്ലിസിന്റെ വാളുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ തൂങ്ങിനില്‍ക്കുകയാണ്. 2013ല്‍ ക്രൈം ആന്‍ഡ് കോര്‍ട്ട് ആക്ട് അനുസരിച്ച് കോടതിയുടെ വിലയിടിക്കുന്ന രീതിയിലുള്ള കോടതിയലക്ഷ്യം ഇംഗ്ലണ്ടില്‍ നിരോധിക്കുകയും ചെയ്തു.
അഭിനവ് ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ 'റിപ്പബ്ലിക്ക് ഓഫ് റിട്ടോറിക്' (2017) എന്ന കൃതിയില്‍ ഇന്ത്യയിലെ കോടതിയലക്ഷ്യ നിയമം കാലഗതിയുമായി യോജിച്ചുപോകാത്തതും അമിതാധികാരമുള്ളതുമാണെന്നും പ്രസ്താവിക്കുന്നുണ്ട്. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള കോടതിയലക്ഷ്യത്തെ മാത്രം ശിക്ഷിച്ചാല്‍ മതി എന്ന അഭിപ്രായമാണ് അഭിനവ് ചന്ദ്രചൂഡ് മുന്നോട്ടുവയ്ക്കുന്നത്.
1765ല്‍ റെക്‌സ് ഃ അല്‍മോന്‍ എന്ന കേസില്‍ സര്‍ ജോണ്‍ വില്‍മൊട് ആണ് കോടതിയലക്ഷ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ന്യായാധിപന്മാരുടെ ചുറ്റും മഹത്വത്തിന്റെ ഒരു പരിവേഷം സൃഷ്ടിക്കുക എന്നതാണ് കോടതിയലക്ഷ്യനിയമത്തിന്റെ ലക്ഷ്യം എന്ന് വില്‍മൊട് പ്രഖ്യാപിച്ചു. എന്നാല്‍, പ്രിവി കൗണ്‍സില്‍ ജഡ്ജിയായിരുന്ന ലോര്‍ഡ് ബൊവെന്‍, കോടതിയലക്ഷ്യ നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യം ന്യായാധിപന്‍മാരുടെ പരിവേഷം സംരക്ഷിക്കലല്ല മറിച്ച് നീതിന്യായ വ്യവസ്ഥയുടെ സല്‍പ്പേര് സംരക്ഷിക്കലാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഇതാണ് ശരിയായ നിലപാട്.
ജഡ്ജിമാരുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനുള്ളതല്ല കോടതിയലക്ഷ്യ നിയമം എന്ന് ഡെന്നിങ് പ്രഭുവും വ്യക്തമാക്കുകയുണ്ടായി. അമേരിക്കന്‍ സുപ്രിം കോടതിയിലെ ജഡ്ജിയായിരുന്ന വില്യം മര്‍ഫി ന്യായാധിപന്മാര്‍ക്ക് നല്‍കിയ ഉപദേശം പ്രസക്തമാണ്: 'തങ്ങളുടെ കര്‍ത്തവ്യം അര്‍പ്പണബോധത്തോടെ ചെയ്ത് നിശബ്ദത പാലിക്കുക എന്നതാണ്, ഉത്തരവാദിത്വ രഹിതമായ വിമര്‍ശനങ്ങളോട് ന്യായാധിപന്മാര്‍ അനുവര്‍ത്തിക്കേണ്ട നിലപാട് '.
നെപ്പോളിയനെ സംബന്ധിച്ച് പറയപ്പെടുന്ന ഒരു കഥയുണ്ട്. ഒരിക്കല്‍ നെപ്പോളിയന്‍, ഒരു റോമന്‍ കാതോലിക്ക കര്‍ദിനാളുമായി വാക്കേറ്റമുണ്ടായപ്പോള്‍ ഇങ്ങനെ പറഞ്ഞുവത്രേ: തിരുമേനിക്ക് അറിയാമല്ലോ ഞാന്‍ വിചാരിച്ചാല്‍ കാതോലിക്ക സഭയെ തകര്‍ക്കാന്‍ കഴിയുമെന്ന് '. കര്‍ദിനാള്‍ തിരിച്ചടിച്ചു: കഴിഞ്ഞ ആയിരത്തി എണ്ണൂറ് വര്‍ഷമായി ഞങ്ങള്‍ പുരോഹിതന്മാര്‍ ശ്രമിച്ചിട്ട് അതിനു കഴിഞ്ഞിട്ടില്ല. അങ്ങേയ്ക്കും കഴിയുമെന്ന് തോന്നുന്നില്ല!'. സമാനമാണ് ഇന്ത്യന്‍ ജുഡിഷ്യറിയുടെയും കാര്യം. അതിനെ തകര്‍ക്കാന്‍ അതിനകത്തു വാഴുന്നവര്‍ക്കേ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."