ചേരയെ കൊന്ന് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വില്പന; ഒരാള്‍ അറസ്റ്റില്‍
കോതമംഗലം: ചേരയെ തല്ലിക്കൊന്ന് കറി വയ്ക്കുകയും മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ ഇത് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വില്ക്കാന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ വനം വകുപ്പ് അധികൃതര്‍ പിടികൂടി.
മരപ്പട്ടി ബിജു എന്ന പേരില്‍ അറിയപ്പെടുന്ന നേര്യമംഗലം വടക്കേപറമ്പില്‍ ബിജു (35)വിനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നേര്യമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെയും കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിലെയും ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ട് വളപ്പിലെത്തിയ ചേരയെ പിടികൂടിയ ശേഷം ഇതിനെ വീട്ടില്‍ വച്ച് തന്നെ ഇയാള്‍ കൊന്ന് കറിവയ്ക്കുകയും വറുത്തെടുക്കുകയുമായിരുന്നു. മദ്യപാനത്തിനൊപ്പം കഴിക്കാനായിട്ടാണ് ഇയാള്‍ ചേരയെ കൊന്നത്. എന്നാല്‍ മദ്യപിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വില്പന നടത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.
കറി വച്ചതും വറുത്തതുമായ നിലയില്‍ ചേരയുടെ മാംസവും തുകല്‍, തല , വാല്, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ രണ്ട് പാര്‍ട്ട് രണ്ടില്‍ സംരക്ഷിത ഉരഗമാണ് ചേര. വന്യജീവി നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
2018ല്‍ വാളറ സ്റ്റേഷനില്‍ തൊണ്ടിയായി പിടിച്ച തടി മോഷണം നടത്തിയ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ജി.ജി സന്തോഷ്, എസ്. എഫ്. ഒ അനില്‍ ഘോഷ് ,ഡി. എഫ്. ഒ മാരായ പി.എന്‍ ജയന്, കെ. പി മൂജീബ്, കെ. എം അലിക്കുഞ്ഞ്, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ രപിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."