പണിമുടക്കി യന്ത്രങ്ങള്‍, പാടുപെട്ട് ഉദ്യോഗസ്ഥര്‍, വലഞ്ഞ് ജനം
കല്‍പ്പറ്റ: വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ പണിമുടക്കിയത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. ജില്ലയിലെ നിരവധി ബൂത്തുകളിലാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം പോളിങ് തടസപ്പെട്ടത്. ഒരേ ബൂത്തില്‍ തന്നെ രണ്ടും മൂന്നും തവണ യന്ത്രത്തകരാര്‍ വന്നത് ഉദ്യോഗസ്ഥരെയും മുന്നണി പ്രവര്‍ത്തകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ചിലയിടങ്ങളില്‍ യന്ത്രത്തകരാറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നല്‍കി.
പരാതിരഹിതമായി തെരഞ്ഞെടുപ്പ് നടത്താനായി ഇലക്ഷന്‍ കമ്മിഷന്‍ വലിയതോതിലുള്ള മുന്നൊരുക്കമാണ് നടത്തിയിരുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പലതവണ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.
വോട്ടിങ് ആരംഭിക്കുന്നതിനു 45 മിനുട്ട് മുന്‍പ് മോക്ക് പോളും നടത്തിയിരുന്നു. ഒരു ബൂത്തില്‍ 50 മോക്ക് പോളാണ് നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് നടത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തിയത്. എന്നാല്‍ പോളിങ് ആരംഭിച്ചതോടെ പല യന്ത്രങ്ങളും പ്രവര്‍ത്തന രഹിതമായി.
ചില ബൂത്തുകളില്‍ മണിക്കൂറുകളോളം പോളിങ് തടസപ്പെട്ടത് വോട്ടര്‍മാരെ കുഴക്കി. രാവിലെ തന്നെ വോട്ട് ചെയ്ത് ജോലിക്ക് ഉള്‍പ്പെടെ പോകാനായി തയ്യാറായി വന്നവരാണ് യന്ത്ര തകരാര്‍ കാരണം വലഞ്ഞത്. തകരാര്‍ പരിഹരിക്കാന്‍ ഏറെസമയം എടുത്തപ്പോള്‍ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. ചില ബൂത്തുകളില്‍ നിന്നു ഇലക്ഷന്‍ കമ്മിഷന്‍ പരാതിയും എത്തി. മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദ്, തരുവണ എന്നിവിടങ്ങളിലാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് മുന്നണികള്‍ പരാതി നല്‍കിയത്.
139-ാം നമ്പര്‍ ബൂത്ത് പ്രവര്‍ത്തിച്ച തരുവണ ഗവ. ഹൈസ്‌കൂലില്‍ മൂന്ന് തവണയാണ് വോട്ടിങ് മെഷീന്‍ പണി മുടക്കിയത്. രാവിലെ പോളിങ് തുടങ്ങി അല്‍പ സമയത്തിന് ശേഷം യാന്ത്രങ്ങള്‍ പണിമുടക്കിയതോടെ അരമണിക്കൂറിലേറെയാണ് സമയം നഷ്ടപ്പെട്ടത്. പിന്നീട് പ്രശ്‌നം പരിഹരിച്ച് പോളിങ് തുടര്‍ന്നെങ്കിലും പത്തു മണിക്ക് ശേഷം വീണ്ടും യന്ത്രത്തകരാറുണ്ടായി മുക്കാല്‍ മണിക്കൂര്‍ പോളിങ് നിര്‍ത്തിവച്ചു. പിന്നീട് ഉച്ചക്ക് ശേഷം മൂന്നു മണിയോടെ വീണ്ടും വോട്ടിങ് മെഷീന്‍ പണി മുടക്കി. നിരവധി പേര്‍ വോട്ട് ചെയ്യാതെ മടങ്ങിയതായും ആക്ഷേപമുണ്ട്.
വൈകുന്നേരവും വോട്ടിങ് തടസപ്പെട്ടതോടെ വോട്ടര്‍മാര്‍ ബഹളമുണ്ടാക്കി. രാത്രി വൈകിയാണ് ഇവിടെ വോട്ടിങ് അവസാനിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ ചെമ്പക മൂല 43-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഒന്നേകാല്‍ മണിക്കൂറും വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 11-ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറും തൃശ്ശിലേരിയിലെ 39, 40 ബൂത്തുകളില്‍ അരമണിക്കൂര്‍ വീതവും ചേലൂരിലെ 47 ബൂത്തില്‍ 15 മിനിറ്റും കോറോത്തെ 106 നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറും യന്ത്രത്തകരാര്‍ മൂലം പോളിംഗ് തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."