ഭിന്നശേഷിക്കാരെ ബൂത്തിലെത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ ഗുണകരമായി
മാനന്തവാടി: ഭിന്നശേഷിക്കാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ വാഹനം. ഇതിനാല്‍ മാനന്തവാടിയിലെ സിനി ജോസിന് സൗകര്യപ്രദമായി വോട്ടു ചെയ്ത് മടങ്ങാനായി. എരുമത്തെരുവിലെ പഴയ ഗ്യാസ് ഏജന്‍സി റോഡിലാണ് 80 ശതമാനം ഭിന്നശേഷിയുള്ള സിനി താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തോടെ തന്നെ ബൂത്ത് ലെവല്‍ ഓഫിസര്‍ എ.കെ സുലോചന, റൂട്ട് ഓഫിസര്‍മാരായ എ.പി പാര്‍ഥസാരഥി, ഇ.ഇ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ വാഹനം സിനിയുടെ വീട്ടിലെത്തി.
മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐയിലെ 55-ാം നമ്പര്‍ ബൂത്തിലായിരുന്നു ഇവരുടെ വോട്ട്. ഓഫീസര്‍മാര്‍ക്കൊപ്പം സഹോദരന്‍ സിബി ജോസ് സിനിയെ കൂട്ടി പോളിങ് ബൂത്തിലെത്തി. സിബിക്കും ഭാര്യ ഫാബി ഫ്രാന്‍സിസിനുമാണ് ജില്ലാ ഭാരണകൂടം സിനിയുടെ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. വാഹനത്തില്‍ സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങുമ്പോഴോക്കും അവിടെ വീല്‍ ചെയറുമെത്തി. സഹോദരന്‍ സിബിയാണ് സിനിയുടെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി സര്‍ക്കാര്‍ വാഹന സൗകര്യമേര്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിബി പറഞ്ഞു.
എല്ലാവരും വോട്ട് ചെയ്യണമെന്ന ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ ആഹ്വാനവും ഏറെ പ്രചോദനമായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സിനി വോട്ട് ചെയ്തിരുന്നു. പ്രിയങ്കാ ഗാന്ധിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് സിബി പറഞ്ഞു. എ.ഐ.സി.സി ജന.സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം പ്രിയങ്ക നേരെ പോയത് ഔറംഗസേബ് റോഡിന് സമീപമുള്ള ചേരിയിലേക്കാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുമായി അവര്‍ ഏറെ നേരെ സംസാരിച്ചു. ചേരിയിലെ ആശിഷ് എന്ന ഭിന്നശേഷി വിഭാഗത്തില്‍പെട്ട ബാലന്റെ ചികിത്സാ ചെലവുകള്‍ കഴിഞ്ഞ നാലു വര്‍ഷമായി വഹിക്കുന്നത് പ്രിയങ്കയാണ്. ഇതൊക്കെ വലിയ പ്രത്യാശ നല്‍കുന്നു.
പ്രിയങ്കാഗാന്ധിയെ നേരില്‍ കണ്ട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സി. അബ്ദുല്‍ അഷ്‌റഫ് മാത്രമാണ് വീട്ടിലെത്തി സിനിയോട് നേരിട്ട് രാഹുല്‍ഗാന്ധിയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും സിബി പറഞ്ഞു.
സിനിയ്ക്ക് ആധാര്‍ കാര്‍ഡും ഇതിനോടകം സിബി എടുത്തിട്ടുണ്ട്. ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് തടസമായതോടെ സുഹൃത്ത് ജിതിന്‍ ഭാനുവിന്റെ സഹായത്തോടെ പ്രധാനമന്ത്രിയുടെ പരാതി പരിഹാരസെല്ലുമായി ബന്ധപ്പെട്ടതിന് തുടര്‍ന്ന് അക്ഷയ പ്രതിനിധികള്‍ വീട്ടിലെത്തിയാണ് ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
36 കാരിയായ സഹോദരി സിനിയ്ക്ക് പാസ്‌പോര്‍ട്ട് എടുത്തു നല്‍കണമെന്ന ആഗ്രഹം കൂടി ഇനി സിബിയ്ക്കുണ്ട്. എലൈറ്റ് ഗ്രൂപ്പ് റിട്ട. ജീവനക്കാരന്‍ പാടശ്ശേരിയില്‍ ജോസിന്റെയും മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ റിട്ട. അധ്യാപിക ലീലാ ജോസിന്റെയും മകളാണ് സിനി ജോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."