മഹാത്മാവിന്റെ വഴിയേ പ്രശാന്ത് ഭൂഷണ്‍
'നിയമത്തിന്റെ മുന്നില്‍ ബോധപൂര്‍വമായ കുറ്റവും എന്റെ ദൃഷ്ടിയില്‍ ഒരു പൗരന്റെ പരമമായ കടമയുമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ജഡ്ജി, താങ്കളുടെ മുന്നിലുള്ള വഴി ഇതാണ്: ഒന്നുകില്‍ താങ്കള്‍ രാജിവയ്ക്കുക. അത് താങ്കള്‍ക്ക് സാധിക്കില്ലെന്ന് എനിക്കറിയാം. താങ്കള്‍ നടപ്പാക്കാന്‍ നിയുക്തമായ നിയമം തിന്മയാണെന്നും യഥാര്‍ഥത്തില്‍ ഞാന്‍ നിരപരാധിയാണെന്നും താങ്കള്‍ കരുതുന്നുവെങ്കില്‍ തിന്മയോട് താങ്കള്‍ വിയോജിക്കുക. അല്ല, താങ്കള്‍ നടപ്പാക്കുന്ന നിയമം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്ലതും എന്റെ നടപടി ജനദ്രോഹകരവുമാണെന്നും താങ്കള്‍ കരുതുന്നുവെങ്കില്‍ എനിക്ക് പരമാവധി ശിക്ഷ തരിക'. രാജ്യദ്രോഹ കുറ്റത്തിന് പ്രതിയായി അഹമ്മദാബാദ് ജില്ലാ സെഷന്‍സ് കോടതിയിലെ ബ്രിട്ടിഷുകാരനായ ജഡ്ജിക്കെതിരേ മഹാത്മാഗാന്ധി നടത്തിയ ഈ പ്രസ്താവനയാണ് സുപ്രിം കോടതി മുന്‍പാകെ പ്രശാന്ത് ഭൂഷണ്‍ എന്ന പ്രമുഖ അഭിഭാഷകന്‍ ഉന്നയിച്ചത്. 'ഞാന്‍ കുറ്റക്കാരനാണെന്ന കോടതി വിധി എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടു എന്നതിലാണ് എനിക്ക് വേദന. തെളിവ് നല്‍കാന്‍ അവസരം തരാതെയാണ് കോടതി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന കാര്യം ഞെട്ടലുണ്ടാക്കുകയും ചെയ്യുന്നു. ഏത് ജനാധിപത്യത്തിലും ഭരണഘടനാ വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ തുറന്ന വിമര്‍ശനം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഭരണഘടനാ വ്യവസ്ഥയുടെ സംരക്ഷണമെന്നത് വ്യക്തിപരവും തൊഴില്‍പരവുമായ താല്‍പര്യങ്ങള്‍ക്കൊപ്പമാവണം. എന്റെ പരമമായ കടമയെന്നു ഞാന്‍ കരുതുന്ന കാര്യം ചെയ്യാനുള്ള ചെറിയ ശ്രമമായിരുന്നു എന്റെ ട്വീറ്റുകള്‍. എനിക്ക് തീര്‍ച്ചയായും ബോധ്യമായ കാര്യങ്ങള്‍ വ്യക്തമാക്കിയ ട്വീറ്റുകള്‍ക്ക് മാപ്പു പറയുന്നത് കപടവും നിന്ദ്യവുമാവും. അതിനാല്‍ മഹാത്മാവ് പണ്ട് തന്റെ വിചാരണവേളയില്‍ പറഞ്ഞത് എളിമയോടെ ആവര്‍ത്തിക്കാനേ എനിക്ക് കഴിയൂ. ഞാന്‍ കരുണ ചോദിക്കുന്നില്ല. നിയമപരമായി എനിക്കു നല്‍കാന്‍ കഴിയുന്ന എന്ത് ശിക്ഷയും സന്തോഷപൂര്‍വം സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്' - പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതി മുന്‍പാകെ സ്വന്തം നിലപാട് വിശദമായിത്തന്നെ പറഞ്ഞുവച്ചു.
ഇത് പ്രശാന്ത് ഭൂഷണ്‍, ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രിം കോടതിയിലെ പ്രമുഖനായ അഭിഭാഷകന്‍. ഉന്നതമായ നീതിപീഠങ്ങളില്‍ നടക്കുന്ന അഴിമതിക്കെതിരേ പ്രശാന്ത് ഭൂഷണ്‍ അയച്ച ട്വിറ്റര്‍ സന്ദേശങ്ങളുടെ പേരിലാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കുറ്റം കോടതിയലക്ഷ്യം. ഇക്കഴിഞ്ഞ 14-ാം തിയതിയാണ് പ്രശാന്ത ഭൂഷണ്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ചീഫ് ജസ്റ്റിസിനെയും സുപ്രിം കോടതിയെയും വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് കൃഷ്ണകുമാരി എന്നിവരാണ് മറ്റു ജഡ്ജിമാര്‍. 20-ാം തിയതി കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പ്രശാന്ത് ഭൂഷണ്‍ ധീരമായ നിലപാട് മുന്നോട്ടുവച്ച് കോടതി മുന്‍പാകെ തല ഉയര്‍ത്തി നിന്നത്. കുറ്റക്കാരനാണെന്ന വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ പോകുന്ന സാഹചര്യത്തില്‍ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവയ്ക്കണമെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. ചെയ്ത തെറ്റിന് മാപ്പ് പറയുകയാണെങ്കില്‍ ഉദാരമായ സമീപനമായിരിക്കും കോടതിക്കുണ്ടാവുക എന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. ആലോചിച്ചു തീരുമാനമെടുക്കുന്നതിനായി രണ്ട് മൂന്ന് ദിവസം അനുവദിക്കുകയും ചെയ്തു കോടതി. പ്രശാന്ത് ഭൂഷണ്‍ ഉറച്ച സ്വരത്തില്‍ത്തന്നെ പറഞ്ഞു: 'എന്റെ നിലപാടില്‍ മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല'. ശിക്ഷിക്കരുതെന്നാണെങ്കില്‍ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ശിക്ഷയില്‍ ഉദാര സമീപനം വേണമെങ്കില്‍ കുറ്റക്കാരന്‍ മാപ്പു പറയണമെന്ന നിലപാടില്‍ കോടതി ഉറച്ചുനിന്നു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ആവശ്യപ്പെട്ടു. സുപ്രിം കോടതിയില്‍ ജനാധിപത്യം പരാജയപ്പെട്ടുവെന്നു പറഞ്ഞ അഞ്ച് ജഡ്ജിമാരുടെ പേരും ഉന്നത നീതിപീഠത്തിലെ അഴിമതിയെക്കുറിച്ച് മുന്‍ ജഡ്ജിമാര്‍ പറഞ്ഞ കാര്യങ്ങളും തന്റെ പക്കലുണ്ടെന്ന് എ.ജി പറഞ്ഞപ്പോള്‍ ജസ്റ്റിസ് മിശ്ര തന്നെ അദ്ദേഹത്തെ വിലക്കി. ഇത്രയുമൊക്കെയായിട്ടും നിലപാട് മയപ്പെടുത്താന്‍ തയാറാവാതെ പ്രശാന്ത് ഭൂഷണും നിലയുറപ്പിച്ചു. മഹാത്മാ ഗാന്ധി 1922 മാര്‍ച്ച് 18ന് അഹമ്മദാബാദ് ജില്ലാ സെഷന്‍സ് കോടതിയില്‍ നടത്തിയ പ്രസ്താവനയിലെ പ്രസിദ്ധമായ വാചകങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതി മുന്‍പാകെ വെച്ചിരിക്കുന്നത്. 'യങ് ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റമാണ് ഗാന്ധിജിക്കെതിരേ ചുമത്തിയിരുന്നത്. താങ്കള്‍ നടപ്പാക്കുന്ന നിയമം ഈ രാജ്യത്തെ ജനത്തിനു നല്ലതും എന്റെ നടപടി ജനദ്രോഹപരവുമാണെന്ന് കരുതുന്നുവെങ്കില്‍ എനിക്ക് പരമാവധി ശിക്ഷ നല്‍കുക എന്ന ഗാന്ധിജിയുടെ വാക്കുകള്‍ തീ പാറുന്നവ തന്നെയായിരുന്നു. ഈ ആവശ്യം അതേ വാക്കുകളില്‍ ആവര്‍ത്തിച്ച പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതി മുന്‍പാകെ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
കേസില്‍ മാപ്പ് പറഞ്ഞ് മഹാത്മാവിന് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമായിരുന്നു. സുപ്രിംകോടതിയിലെ കേസില്‍ പ്രശാന്ത് ഭൂഷണിനും മാപ്പ് പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. ഗാന്ധിജിയെപ്പോലെ, മാപ്പിരക്കാന്‍ നോക്കാതെ, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്ന് കുറ്റം നിഷേധിക്കാതെ, പരമാവധി ശിക്ഷ തന്നുകൊള്ളുക' എന്ന് പറയുന്ന പ്രതിയുടെ കരുത്ത് കോടതിയുടെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.
ജയില്‍വാസം എന്താണെന്ന് നമുക്കൊക്കെയറിയാം. തികച്ചും കഠിനം തന്നെയാണത്. ജീവിതകാലം മുഴുവന്‍ അഭിഭാഷകവൃത്തി നടത്തിയ ആള്‍, സുപ്രിം കോടതിയിലെ പ്രമുഖരായ അഭിഭാഷകരിലൊരാള്‍, കോടതിയുടെ കുറ്റങ്ങള്‍ തുറന്നുകാട്ടിയതിന് പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ശിക്ഷ എന്തും തന്നുകൊള്ളൂ എന്ന് പറഞ്ഞ്, ട്വിറ്ററില്‍ താന്‍ കുറിച്ച വരികളില്‍ അടിയുറച്ചുനിന്നുകൊണ്ട്, ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറായി നില്‍ക്കുന്ന പ്രശാന്ത് ഭൂഷണ്‍ രാജ്യത്ത് പുതിയ താരമായി മാറുകയാണ്. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ ആറുതവണ തടവുശിക്ഷ അനുഭവിച്ചു. ഇന്ത്യയില്‍ എത്തിയശേഷം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഏഴ് തവണയും. പരമാവധി ശിക്ഷ തന്നുകൊള്ളൂ എന്ന ഗാന്ധിജിയുടെ മൃദുവായി വാക്കുകള്‍ ധീരനായ ഒരു പടയാളിയുടെ വെല്ലുവിളിയായിരുന്നു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തെയും അതിന്റെ ഭരണത്തെയും സത്യഗ്രഹം കൊണ്ടും നിസ്സഹകരണം കൊണ്ടും നേരിട്ട മഹാത്മാജിയുടെ കരുത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ശാന്തി ഭൂഷണിന്റെ മകനായ പ്രശാന്ത് ഭൂഷണ്‍ എപ്പോഴും പൊതുതാല്‍പര്യ ഹരജികളുടെ പ്രയോക്താവായിരുന്നു. കോടതികളില്‍ പൊതുതാല്‍പര്യ ഹരജികള്‍ക്ക് എപ്പോഴും ഒരു ഇടം ഉണ്ടായിരിക്കണമെന്ന് വാദിക്കുന്നയാളാണ് അദ്ദേഹം. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 2 ജി സ്‌പെക്ട്രം കേസ് പ്രശാന്ത് ഭൂഷണ്‍ ഹാജരായ പ്രധാന കേസുകളിലൊന്നാണ്. വാദികള്‍ക്കുവേണ്ടി അദ്ദേഹം സൗജന്യമായാണ് ഹാജരായത്.
കഴിഞ്ഞ 15-16 വര്‍ഷങ്ങളിലായി 500 ലേറെ പൊതുതാല്‍പര്യ ഹരജികളില്‍ അദ്ദേഹം ഹാജരായി. പരിസ്ഥിതി, അഴിമതി എന്നിങ്ങനെ പൊതുസമൂഹത്തിനു താല്‍പര്യമുള്ള വിഷയങ്ങള്‍ അദ്ദേഹത്തിന് എപ്പോഴും പ്രിയമാണ്. ഇത്തരം കേസുകളിലധികവും വാദിക്കുന്നത് പ്രതിഫലമൊന്നും വാങ്ങാതെ തന്നെ. സാധാരണ കേസുകളിലും താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങുന്ന അഭിഭാഷകന്‍ കൂടിയാണദ്ദേഹം.
നീതിന്യായ വ്യവസ്ഥയില്‍ അതിസമ്പൂര്‍ണമായ സുതാര്യത ഉറപ്പുവരുത്തുകയാണ് പ്രശാന്ത് ഭൂഷണിന്റെ ആത്യന്തിക ലക്ഷ്യം. 1990-ല്‍ പിതാവ് ശാന്തി ഭൂഷണുമായി ചേര്‍ന്ന് 'കമ്മിറ്റി ഓണ്‍ ജുഡിഷ്യല്‍ അക്കൗണ്ടബിലിറ്റി' എന്ന സംഘടന രൂപീകരിച്ചു. ജുഡിഷ്യറിയിലെ അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 2009-ല്‍ അദ്ദേഹം ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി. 16 മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയോളം പേര്‍ അഴിമതിക്കാരായിരുന്നുവെന്നാണദ്ദേഹം പറഞ്ഞത്. സുപ്രിം കോടതിയില്‍ ഹരീഷ് സാല്‍വെ കേസ് കൊടുത്തു. കുറ്റം സമ്മതിച്ച് മാപ്പ് പറയാനായിരുന്നു സുപ്രിം കോടതി പ്രശാന്ത് ഭൂഷണോടാവശ്യപ്പെട്ടത്. മാപ്പ് പറയാതെ അദ്ദേഹം കോടതി മുന്‍പാകെ ഒരു വിശദീകരണക്കുറിപ്പ് നല്‍കി. ആ ജഡ്ജിമാര്‍ കുറ്റവാളികളാണെന്നതിനു കാരണങ്ങളും തെളിവുകളും വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു കുറിപ്പ്.
കേരള കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പി.ജെ. തോമസിനെ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ (സി.വി.സി) ആക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതിയില്‍ വാദിച്ചതും പ്രശാന്ത് ഭൂഷണ്‍ തന്നെ.
സുപ്രിം കോടതിയിലെ മുന്‍നിര അഭിഭാഷകരിലൊരാളായ പ്രശാന്ത് ഭൂഷണിന് പ്രധാന കേസുകള്‍ മാത്രം കൈകാര്യം ചെയ്ത് കേവലം ധനസമ്പാദനത്തിനുള്ള മാര്‍ഗമായി അഭിഭാഷകവൃത്തിയെ കാണാമായിരുന്നു. പക്ഷേ, അദ്ദേഹം ഔദ്യോഗിക ജീവിതം ഉപയോഗിച്ചുപോന്നത് തിന്മയെ എതിര്‍ക്കാനാണ്. അഴിമതിക്കെതിരേ പോരാടാനാണ്. അത് അദ്ദേഹത്തിനു നല്‍കുന്ന ധൈര്യവും തന്റേടവും ചെറുതല്ല. ഈ അഭിഭാഷകന്റെ ലക്ഷ്യം വ്യക്തവും സുതാര്യവുമാണെന്നത് വസ്തുതയായി നില്‍ക്കുന്നു.
നീതിപീഠത്തിലെ അഴിമതിക്കും അനീതിക്കുമെതിരേ പോരാടുമ്പോള്‍ കോടതിതന്നെ ശിക്ഷിക്കാനൊരുങ്ങിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറായി പ്രതിസ്ഥാനത്തു നില്‍ക്കുന്ന പ്രശാന്ത് ഭൂഷണ്‍ ഏറെ കരുത്താര്‍ജിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെപ്പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."