സ്കൂള്‍ കെട്ടിടത്തിന് മരം ഭീഷണിയാകുന്നു: കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
വടക്കാഞ്ചേരി: ബോയ്സ് ഹൈസ്കൂള്‍ ഇരുനില കെട്ടിടത്തിന് മുകളിലേക്ക് ഏത് നിമിഷവും മറിഞ്ഞ് വീഴാറായി നിറയെ ശിഖരങ്ങളുമായി ദുര്‍ബലാവസ്ഥയിലായ പൂമരം നിലകൊള്ളുമ്പോള്‍ കണ്ടില്ലെന്ന് നടിച്ച് അധികൃതരും, ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും. അധികൃതര്‍ നിരവധി തവണ തലങ്ങും വിലങ്ങും പായുന്ന സംസ്ഥാനപാതയോട് അടുത്താണ് കെട്ടിടത്തിന് മുകളിലേക്ക് പൂര്‍ണമായും ചെരിഞ്ഞ് മരത്തിന്റെ നില്പ്.
ശക്തമായൊരു കാറ്റ് വീശിയാല്‍ മരം നിരവധി കുട്ടികള്‍ പഠനം നടത്തുന്ന ഓടിട്ട കെട്ടിടത്തിന് മുകളിലേക്ക് വീഴുമെന്ന് ഉറപ്പാണ്. നിലവില്‍ നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം ഏറെ ദുര്‍ബലാവസ്ഥയിലാണ്.
ചോര്‍ച്ചയും, ജീണാവസ്ഥയും മൂലം ഏറെ ഭീതിയോടെയാണ് കുട്ടികള്‍ ക്ലാസുകളിലിരുന്ന് പഠനം നടത്തുന്നത്. ഇതിന് പുറമെയാണ് തലക്ക് മുകളില്‍ തൂങ്ങി കിടക്കുന്ന വാള് പോലെ മരത്തിന്റെ നില്പ്.
ധാരാളം ശിഖിരങ്ങള്‍ ഉണ്ടായിരുന്ന മരത്തിന്റെ സംസ്ഥാനപാതയിലെ വൈദ്യുതി ലൈനിലേക്ക് നീണ്ടു നിന്നിരുന്ന ഭാഗങ്ങള്‍ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വെട്ടി മാറ്റിയപ്പോഴും സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ചെരിഞ്ഞ് നില്ക്കുന്ന മരത്തെ കുറിച്ച് ഒരു തീരുമാനവും ഉണ്ടായില്ല.
എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിച്ചാല്‍ മാത്രം നടപടിയെടുക്കുക എന്ന ഉദ്യോഗസ്ഥ അനാസ്ഥക്ക് ഏറ്റവും വലിയ ഉദാഹരണമാവുകയാണ് ഈ മര കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."