ബിഗ് ബയേണ്‍
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ കന്നി കിരീടമെന്ന നെയ്മറിന്റെയും സഹതാരങ്ങളുടെയും സ്വപ്‌നം വിഫലം. പി.എസ്.ജിയുടെ ആദ്യ കിരീടാവകാശികളാകാനുള്ള മോഹങ്ങളുടെ മുനയൊടിച്ച് ജര്‍മന്‍ ്രപതാപികളായ ബയേണ്‍ മ്യൂണിക് ആറാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടമണിഞ്ഞു.
പി.സ്.ജിയുടെ മിന്നുംതാരങ്ങളായ നെയ്മറിന്റെയും എംബാപ്പെയുടെയും ഷോട്ടുകള്‍ സ്‌പൈഡര്‍മാനെ പോലെ തട്ടിയകറ്റിയ ബയേണിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ അസാമാന്യ പ്രകടനവും കിങ്‌സ്‌ലി കോമാനെന്ന യുവതുര്‍ക്കിയുടെ അടിപൊളി ഹെഡ്ഡറുമാണ് ബയേണിന്റെ വിജയതൃഷ്ണയ്ക്ക് മുദ്രചാര്‍ത്തിയത്.
59ാം മിനുട്ടിലെ കോമാന്റെ ഗോളിലൂടെ 1-0നായിരുന്നു ബയേണിന്റെ ജയം. ഒഴിഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ബയേണിന്റെ പേരിലായി. വിജയച്ചുവടുകള്‍ക്ക് കൈയടിക്കാനും മധുരം പങ്കിടാനും ടീം ഒഫിഷ്യല്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
ആര്‍.ബി ലെയ്പ്‌സിശിനെതിരായ സെമിയില്‍ മൂന്ന് മിനുട്ടുകള്‍ക്കിടെ കളിയുടെ ഗതി തന്നെ മാറ്റിയ പി.എസ്.ജിയെ, ബയേണ്‍ ഫൈനലില്‍ വാഴാന്‍ വിട്ടില്ല. അവസരങ്ങള്‍ ഓരോന്നായി എംബാപ്പെയ്ക്കും നെയ്മറിനും തുറന്നുകിട്ടിയപ്പോള്‍ ന്യൂയര്‍ വെല്ലുവിളിയായി. എംബാപ്പെയ്ക്ക് ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അനാവശ്യ ഷോട്ടുകളെടുത്ത് തുലയ്ക്കുകയായിരുന്നു.
സെമിയില്‍ അവതരിപ്പിച്ച ഇവാന്‍ പെരിസിച്ചിനെ ഇത്തവണ ബെഞ്ചിലിരുത്തി പകരം കിങ്‌സ്‌ലി കോമാനെ ഇറക്കി 4-2-3-1 എന്ന ശൈലിയിലാണ് ബയേണിനെ ഹെന്‍സ് ഫ്‌ളിക്ക് വിന്യസിപ്പിച്ചത്. ഇത്തവണയും ലെവന്‍ഡോവ്‌സ്‌കിയെ അറ്റാക്കിങ് സ്‌ട്രൈക്കറാക്കിയപ്പോള്‍ തൊട്ടുപിന്നില്‍ കോമാനൊപ്പം നാബ്രിയെയും മുള്ളറിനെയും പ്രതിഷ്ഠിച്ചു. മറുഭാഗത്ത് നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നീ ലോകോത്തരെ ത്രയത്തെ മുന്നില്‍ നിര്‍ത്തിയാണ് കോച്ച് തോമസ് ടച്ചല്‍ പി.എസ്.ജിയുടെ ചരടുവലിച്ചത്.
രസം കെടുത്തിയ
ആദ്യ പകുതി
തുടക്കത്തില്‍ പി.എസ്.ജിയാണ് ആക്രമണകാരികളായതെങ്കിലും പിന്നാലെ ബയേണും ആക്രമണം ആയുധമാക്കി. ഇതിനിടെ പി.എസ്.ജി പല തവണ പന്ത് ബയേണ്‍ പോസ്റ്റിനടുത്ത് എത്തിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ നന്നായി അലട്ടി. 18ാം മിനുട്ടില്‍ എംബാപ്പെയ്ക്ക മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് ഗോളിയുടെ കാലുകളിലേക്ക് തട്ടിയത് ഒരു ഉദാഹരണം മാത്രം.
22ാം മിനുട്ടില്‍ മത്സത്തിലെ ആദ്യ ഗോള്‍ ലെവന്‍ഡോവ്‌സ്‌കിയുടെ കാലില്‍നിന്ന് വീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിലെ ഇടതുമൂലയിലെ ബാറില്‍ തട്ടി മടങ്ങി. മൂന്ന് മിനുട്ടുകള്‍ക്കകം ബയേണിന്റെ പ്രതിരോധക്കണ്ണിയായ ജെറോം ബോട്ടെങ് പരുക്ക് കാരണം പുറത്ത് പോയത് ടീമിന് ക്ഷീണം നല്‍കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോളിനായുള്ള കാത്തിരിപ്പ് നീളുന്നു.
കോമാനിലൂടെ ഗോള്‍
വാക്കേറ്റവും തര്‍ക്കവും വാണ രണ്ടാം പകുതിയിലാണ് കളിയുടെ ഗതി മാറി മറിഞ്ഞത്. അഞ്ച് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ട രണ്ടാം പകുതിയില്‍ പി.എസ്.ജിയെ സങ്കടത്തിലാക്കിയതും ബയേണിന് ആശ്വാസമേകിയതും ആ 59ാം മിനുട്ടായിരുന്നു. ഗോള്‍ പോസ്റ്റിന്റെ വലതു ഭാഗത്ത് നിന്ന് ജോഷ്വാ കിമ്മിച്ച് ബോക്‌സിലേക്ക് ഉയര്‍ന്നു നല്‍കിയ പാസില്‍ കോമാന്റെ മുന്നോട്ടാഞ്ഞുള്ള ഹെഡ്ഡര്‍ വല തുളച്ചു. അതോടെ ബയേണ്‍ 1-0ന് മുന്നില്‍.
പിന്നീട് കളിയുടെ ആധിപത്യം പുലര്‍ത്തിയ ബയേണ്‍ പ്രതിരോധം ഒന്നുകൂടി കടുപ്പിച്ചതോടെ ഫ്രഞ്ച് ചാംപ്യന്മാരുടെ ഗോള്‍ ദാഹത്തിന് അവസാനമുണ്ടായില്ല. 90ാം മിനുട്ടില്‍ നെയ്മറിന് ഗോള്‍നില സമനിലയിലാക്കാനുള്ള മികച്ചൊരു അവസരം വന്നെങ്കിലും അതും പാഴാക്കി. ബോക്‌സിനുള്ളിലേക്ക് വന്നെത്തിയ പന്ത് ഒന്ന് തൊട്ടിടാനേ താരത്തിന് വേണ്ടിയിരുന്നുള്ളൂ.
പക്ഷേ, നേരിയ വ്യത്യാസത്തില്‍ പന്ത് ഒഴിവായതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിന് വീണ്ടും കിരീടധാരണം. 11ാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണിന്റെ ആറാം കിരീടമാണിത്. 2013ല്‍ കിരീടം നേടിയ ശേഷം പിന്നീട് തുടര്‍ച്ചയായ നാലു സെമിയിലും പരാജയപ്പെട്ടതിന്റെ ക്ഷീണം ഇതോടെ ടീം മറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."