മോദി കള്ളപ്പണം വെളുപ്പിച്ചുവെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി മോദിക്കെതിരേ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.
നോട്ട് നിരോധനം പ്രഖ്യാപിച്ചശേഷം മോദി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്നും തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഈ പണം വിനിയോഗിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ വോട്ട് ഉറപ്പിക്കാന്‍ ആളും അര്‍ഥവും വന്‍തോതിലാണ് വിനിയോഗിക്കുന്നത്. ഇതില്‍ തോക്കുകളും കള്ളത്തരങ്ങളും ഉണ്ടെന്നും മമത പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല. ജനങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമൊരുക്കിയത് മോദിയാണ്. തെരഞ്ഞെടുപ്പില്‍ ഇവ വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ്. ഇത്തരത്തില്‍ വോട്ട് കച്ചവടം ചെയ്യാന്‍ ബംഗാളില്‍ അനുവദിക്കില്ല. ഹൂഗ്ലി ജില്ലയിലെ സെറാംപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.
തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നോട്ട് നിരോധനം സംബന്ധിച്ച കുംഭകോണത്തെക്കുറിച്ച് അന്വേഷണം നടത്തും.
രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ആയുധങ്ങളുമായി രാജ്യത്തെ ഭീതീദമായ അന്തരീക്ഷത്തിലേക്കാണ് പാര്‍ട്ടി രാജ്യത്തെ കൊണ്ടുപോകുന്നതെന്നും മമത ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."