ലോകത്ത് കൊവിഡ് മരണം കുറഞ്ഞു: ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് ഇപ്പോഴും ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഈ വൈറസ് മൂലമുള്ള മരണവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടന. അതേസമയം ദക്ഷിണകിഴക്കന്‍ ഏഷ്യയിലും മെഡിറ്ററേനിയന്‍ മേഖലയിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്.
കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 17 ലക്ഷം പുതിയ കേസുകളാണ്. 39,000 മരണവും നടന്നു. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗവ്യാപനത്തില്‍ നാലു ശതമാനവും മരണത്തില്‍ 12 ശതമാനവും കുറവുണ്ടായി- ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ പുതിയ കേസുകളില്‍ 28 ശതമാനവും മരണത്തില്‍ 15 ശതമാനവും വര്‍ധനവുണ്ടായി. ഇതില്‍ കൂടുതലും ഇന്ത്യയിലാണ്. നേപ്പാളിലും വൈറസ് അതിവേഗം പടരുകയാണ്. മെഡിറ്ററേനിയന്‍ മേഖലയില്‍ ലബ്നാന്‍, തുനീഷ്യ, ജോര്‍ദാന്‍ എന്നിവയാണ് വൈറസ് വ്യാപനത്തില്‍ മുന്നില്‍. അതേസമയം ആഫ്രിക്കയില്‍ വ്യാപനം 11 ശതമാനം വരെ കുറഞ്ഞു. യൂറോപ്പില്‍ സമീപകാലത്ത് രോഗവ്യാപനം കുറഞ്ഞുവരുകയാണ്. മരണനിരക്കിലും കാര്യമായ കുറവുണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ പകുതിയും യു.എസിലാണ്. കഴിഞ്ഞയാഴ്ച മഹാമാരി മൂലം മരിച്ച 39,240 പേരില്‍ 62 ശതമാനവും യു.എസിലാണ്. ഇതുവരെ ലോകമാകെ രണ്ടു കോടി 38 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 8,11,895 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."