വീട് വെള്ളത്തില്‍ മുങ്ങി: വിജയന് അന്ത്യവിശ്രമം റോഡരികില്‍
ഏറ്റുമാനൂര്‍: പ്രളയത്തില്‍ ഉയര്‍ന്ന വെള്ളം ഇനിയും താഴ്ന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നീണ്ടൂര്‍ മുടക്കാലില്‍ വിജയന് (67) അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയത് പി.ഡബ്ല്യു.ഡി റോഡരികില്‍ സര്‍ക്കാര്‍ വക സ്ഥലത്ത്. സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തന്റെ ഹോളോബ്രിക്‌സ് ഫാക്ടറി കെട്ടിടത്തില്‍ ഇടം നല്‍കി തീയത്തേട്ട് ജയിംസും മാതൃക കാട്ടി.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരേതനായ കുട്ടപ്പന്റെ മകന്‍ വിജയന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഹൃദ്രോഗി കൂടിയായ വിജയനെ ആശുപത്രിയില്‍ എത്തിച്ചത് തന്നെ വെള്ളത്തില്‍ നീന്തിയായിരുന്നു. വിജയന്റെ കുടുംബം ഉള്‍പ്പെടെ മുടക്കാലി ചിറയിലെ പത്തോളം കുടുംബങ്ങള്‍ ഇപ്പോഴും വെള്ളത്തിന് നടുവിലാണ്. ഇതോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുക എന്നത് ചിന്തിക്കുന്നതിനപ്പുറമായി. നിസഹായരായ കുടുംബത്തിന് മുന്നില്‍ സഹായഹസ്തവുമായി നാട്ടുകാരെത്തി. അവര്‍തന്നെ പോംവഴി കണ്ടെത്തി.
ചടങ്ങുകള്‍ നടത്താന്‍ ജയിംസ് ഇടം നല്‍കിയത് വലിയ ആശ്വാസമായി. പക്ഷെ സഹകരണബാങ്കിന്റെ സ്ഥലത്ത് സംസ്‌കാരം നടത്താനുള്ള ശ്രമം വെള്ളം കയറികിടന്നതിനാല്‍ പാളി. അവസാനം റോഡരികില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നീണ്ടൂര്‍ - കല്ലറ റോഡരികില്‍ മുടക്കാലി പാലത്തിന് സമീപം ചിതയൊരുക്കുകയായിരുന്നു. നീറിക്കാട് മുണ്ടയ്ക്കല്‍ കുടുംബാംഗം അമ്മിണിയാണ് ഭാര്യ. മക്കള്‍ വിജിമോള്‍, ശുഭ, ഷീബ, കണ്ണന്‍, മരുമക്കള്‍ നവീന്‍ (പുതുപ്പള്ളി), രാജേഷ് (കുറവിലങ്ങാട്), സുമോദ് (വെച്ചൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."