മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍
തൊടുപുഴ: നഗരസഭയുടെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. നിര്‍മാണ ഏജന്‍സിയായ സിഡ്‌കോയുമായുള്ള കരാര്‍ റദ്ദാക്കി റീ ടെന്‍ഡര്‍ വിളിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
നഗരസഭ കൗണ്‍സിലറും പ്രതിപക്ഷ നേതാവുമായിരുന്ന എം എം മുഹമ്മദ് ലബ്ബാ സാഹിബ് സ്മാരകമായി മങ്ങാട്ടുകവലയില്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരസഭ ബജറ്റില്‍ തുക അനുവദിച്ചിരുന്നു. പിന്നീട് മാറി മാറിവന്ന നഗരസഭ കൗണ്‍സിലുകളും വാഗ്ദാനം ആവര്‍ത്തിച്ചു.
തുടര്‍ന്ന് 2015 മാര്‍ച്ച് 27 നു സിഡ്‌കോയുമായി കരാര്‍ ഒപ്പിട്ടു. തുകയുടെ 20 ശതമാനം സിഡ്‌കോയ്ക്ക് മുന്‍കൂര്‍ നല്‍കാമെന്ന് കരാറില്‍ സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് 2.40 കോടി രൂപയായിരുന്നു സിഡ്‌കോയ്ക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ മുന്‍കൂര്‍ തുക നല്‍കാന്‍ നഗരസഭയ്ക്ക് കഴിയാതെ പോയതോടെ സിഡ്‌കോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവായി നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കരാര്‍ റദ്ദാക്കുന്നതു സംബന്ധിച്ച് സ്റ്റാന്റിംഗ് കോണ്‍സല്‍ അഡ്വ എ എം വിജയന്റെ നിയമോപദേശം ഇന്നലെ കൗണ്‍സില്‍ പരിഗണനയ്ക്ക് എത്തിയത്. കരാര്‍ റദ്ദാക്കാതെ സിഡ്‌കോയ്ക്ക് എതിരെ കേസ് നല്‍കണോ എന്നതായിരുന്നു പ്രധാന ചര്‍ച്ച. കരാര്‍ റദ്ദാക്കിയാല്‍ മുനിസിപ്പാലിറ്റിക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കൗണ്‍സിലര്‍ പ്രഫ. ജെസി ആന്റണി ചൂണ്ടിക്കാട്ടി. എട്ടു കോടിയില്‍ അധികം രൂപയുടെ ബാധ്യത മുനിസിപ്പാലിറ്റിക്കു കൈവരുമെന്നും അവര്‍ പറഞ്ഞു. സിഡ്‌കോയ്ക്ക് എതിരെ കേസിനു പോകുന്നത് ഉചിതമല്ലെന്നും തിരച്ച് സിഡ്‌കോയും മുനിസിപ്പാലിറ്റിക്ക് എതിരേ കേസ് നല്‍കിയാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മിച്ച ശേഷം ഘട്ടംഘട്ടമായി കോംപ്ലക്‌സ് നിര്‍മിക്കാനാണ് തീരുമാനം എടുക്കേണ്ടതെന്നും അല്ലെങ്കില്‍ നഗരസഭ കടക്കെണിയിലാകുമെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.
സിഡ്‌കോയ്ക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ കഴിയാത്തതാണ് നിര്‍മാണം തടസപ്പെടാന്‍ ഇടയാക്കിയതെന്ന് മുന്‍ ചെയര്‍മാന്‍ എ. എം ഹാരിദും വ്യക്തമാക്കി. ഇതോടെ സിഡ്‌കോയുമായുള്ള കരാര്‍ റദ്ദു ചെയ്ത് മൂന്നു ഘട്ടമായി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
മുനിസിപ്പല്‍ സ്റ്റാന്‍ഡിലെ ഓട നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്ക് പൊത്താതെ യാത്രക്കാര്‍ക്കും സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്കും ഇവിടെ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ ചൂണ്ടിക്കാട്ടി. പലപ്പോഴും കംഫര്‍ട്ട് സ്‌റ്റേഷനിലെ മാലിന്യം റോഡിലേക്കും പുഴയിലേയ്ക്കും തുറന്നു വിടുകയാണ്.
ഇപ്പോള്‍ ഓട അടഞ്ഞതോടെ മാലിന്യം കെട്ടിക്കിടക്കുകയാണ്. മാധ്യമങ്ങള്‍ വിഷയം ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുക്കുന്നില്ലെങ്കില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ചെയര്‍പേഴസണ്‍ ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. കാലപ്പഴക്കം ചെന്ന ചെറിയ ടാങ്കാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും കോംപ്ലക്‌സിനുള്ളിലെ വ്യാപാര ശാലകളില്‍ നിന്നുമാണ് കൂടുതല്‍ മാലിന്യം തള്ളുന്നതെന്നും ഓട ശുചീകരണം നടപ്പാക്കി വരികയാണെന്നും ഇവര്‍ മറുപടി നല്‍കി. പൂര്‍ണമായി മാലിന്യം നീക്കം ചെയ്യാന്‍ എന്നു കഴിയുമെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട എഞ്ചിനീയര്‍ കൗണ്‍സില്‍ യോഗത്തില്‍ എത്താന്‍ വൈകിയത് പ്രതിപക്ഷം ചോദ്യം ചെയ്തു.
കൗണ്‍സില്‍ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും യോഗത്തിന്റെ നോട്ടീസ് എല്ലാവര്‍ക്കും നല്‍കണമെന്നും അജണ്ടകള്‍ പഠിച്ച ശേഷമേ കൗണ്‍സിലിനെത്താവൂ എന്നും പ്രതിപക്ഷാംഗം ആര്‍ ഹരി ചൂണ്ടിക്കാട്ടി. 24 അജന്‍ഡകളാണ് കൗണ്‍സില്‍ ഇന്നലെ ചര്‍ച്ച ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."