മെഡിക്കല്‍ കോളജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എം.പി
ചെറുതോണി: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 18 ന് ഇടുക്കി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ഇടുക്കിയില്‍ ചേരുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു. ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഉന്നതോദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ മന്ത്രിയും എം.പിയുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് യോഗം ചേരുന്ന തീയതി നിശ്ചയിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതകള്‍ പഠിക്കാതെ നടത്തുന്ന സമരങ്ങള്‍ അനാവശ്യമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.
2014-15 ല്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിന് തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു. 10.5 കോടി രൂപയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. 59 കോടിയുടെ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ അനുമതിയും ആയിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തട്ടിക്കൂട്ടിയ മെഡിക്കല്‍ കോളജിന്റെ രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നിട്ടുണ്ട്. ചില കെട്ടിടങ്ങളുടെ സ്ഥലനിര്‍ണ്ണയത്തിലും ഡിസൈനിലും മാറ്റം വരുത്തണമെന്ന് ഉന്നതതല ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ചെറുതോണി ഡാമിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തില്‍ ആശുപത്രിക്കും ഡാമിനും ഒരു പോലെ സുരക്ഷിതത്വ പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൂടി ഗൗരവപൂര്‍വ്വം പരിഗണിച്ച് പ്ലാനിലും രൂപകല്‍പ്പനയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് വരുന്ന അധ്യയന വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. ഇപ്പോള്‍ താത്ക്കാലികമായി നിര്‍മ്മിച്ചിട്ടുള്ള ഷെഡ്ഡുകള്‍ മെഡിക്കല്‍ കോളജിന് ഉപയോഗിക്കാന്‍ കഴിയുന്നതല്ലെന്ന് നേരത്തെ തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകാതെ ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ എന്തൊക്കെയോ ചെയ്തുവച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എല്‍.ഡി എഫ് സര്‍ക്കാര്‍ മലയോര ജനതയ്ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നും എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കല്‍ കോളജ് യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."