വിദ്യാര്‍ഥിനിക്കും കുടുംബത്തിനും വാടക ഭവനം ഒരുക്കി കല്ലാര്‍ സ്കൂള്‍ അധ്യാപകര്‍
നെടുങ്കണ്ടം: ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഓരോരുത്തരായി സ്വന്തം ഭവനത്തിലേക്ക് മടങ്ങിയപ്പോള്‍ അന്തിയുറങ്ങാന്‍ വീടില്ലാതെ നിറകണ്ണുകളുമായി നിന്ന ആറാംക്ലാസ് വിദ്യാര്‍ഥിനിക്കും കുടുംബത്തിനും വാടകവീട് ഒരുക്കി കല്ലാര്‍ സ്കൂള്‍ അധ്യാപകര്‍.
കല്ലാര്‍ ഗവ. ഹൈസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീക്കുട്ടിയാണ് തിരികെ പോകാന്‍ വീടില്ലാതെ വിഷമിച്ചത്. മുണ്ടിയെരുമ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നവരെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍, ശ്രീക്കുട്ടിയുടെ ദേവഗിരിയിലുള്ള വീട് നിലംപൊത്തിയിരുന്നു. കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്നായിരുന്നു അധികൃതരുടെ തീരുമാനം. വിവരമറിഞ്ഞ അധ്യാപകര്‍ സ്കൂളിനടുത്ത് വാടക വീട് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു.
വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടുവാടകയും അധ്യാപകര്‍ നല്കി. കൂടാതെ കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സ്കൂളിലെ തെരഞ്ഞെടുത്ത 50 വിദ്യാര്‍ഥികളുടെ കുടുംബത്തിന് 1000 രൂപയും പത്ത് കിലോ വീതം അരിയും പത്ത് മുട്ടയും നല്കി. കല്ലാര്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും പ്രവാസിയുമാണ് അധ്യാപകര്‍ക്ക് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."