സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം
ന്യൂഡല്‍ഹി: കേരളത്തിലെ സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ സെക്ഷനില്‍ ഉണ്ടായ തീപിടിത്തം എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും ധനകാര്യ മന്ത്രിയ്ക്കും കത്തു നല്‍കി.
ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ഏജസികള്‍ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയുളള തീപിടിത്തം തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടയാക്കുന്നതാണ്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാര്യമായ കാലതാമസം വരുത്തുകയും തെളിവുകളായ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാര മാത്രം കത്തുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ട്.
അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണന്‍, ജി.എ.ഡി പൊളിറ്റിക്കല്‍ അഡീഷണല്‍ സെക്രട്ടറിയും മുന്‍ പ്രോട്ടോക്കോള്‍ ഓഫിസറുമായ ഷൈന്‍.എ. ഹക്ക് എന്നിവര്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിലും നിരീക്ഷണത്തിലും തുടരവെയാണ് തീപിടിത്തം എന്നത് ശ്രദ്ധേയമാണ്. തീപിടിത്തം നടന്നത് ഓഫിസ് പ്രവര്‍ത്തന സമയത്താണ്. ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗം ഓഫിസ് സമയം കഴിഞ്ഞുപോലും സാധാരണ ഗതിയില്‍ പ്രവര്‍ത്തനം നടക്കുന്ന സെക്ഷനാണ്. എന്നാല്‍ തീപിടിത്തം ഉണ്ടായ സമയത്ത് സെക്ഷനില്‍ ആരും ഉണ്ടായിരുന്നില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം. അതീവ ഗുരുതരമായ ഈ വിഷയം തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ടതാണ്. എന്‍.ഐ.എ. അന്വേഷണത്തിലിരിക്കുന്ന കേസിന്റെ തെളിവ് നശിപ്പിക്കുന്നതും അന്വേഷിക്കാവുന്നതാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളള ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരേയും തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി നേരിട്ട് രംഗ പ്രവേശനം ചെയ്തത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തണം. അവശേഷിക്കുന്ന തെളിവുകളും നശിപ്പിക്കുന്നതിന് മുന്‍പ് അവ കണ്ടെത്തി എന്‍.ഐ.എ സൂക്ഷിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."