ടാങ്കര്‍ ലോറിയില്‍നിന്ന് ഓയില്‍ ഒഴുകി; നാട്ടുകാരുടെ ഇടപെടലില്‍ ദുരന്തം ഒഴിവായി
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ടൗണിനടുത്ത് ടാങ്കര്‍ ലോറിയില്‍ നിന്നും റോഡിലേക്ക് ഓയില്‍ ഒഴുകിയത് ബൈക്കപകടങ്ങള്‍ക്കിടയാക്കി. നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പള്ളിക്കല്‍ ബസാര്‍ എ.എം.യു.പി സ്‌കൂളിന്റെയും പള്ളിക്കല്‍ ബസാര്‍ ടൗണിന്റേയും ഇടയിലുള്ള കയറ്റത്തിലാണ് സംഭവം.
കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കിലെ പാരിസണ്‍ ഓയില്‍ കമ്പനിയില്‍ നിന്നുള്ള പാമോയിലിന്റെ ദ്രാവക രൂപത്തിലുള്ള വേസ്റ്റ് ആന്ധ്രയിലേക്ക് ടാങ്കര്‍ ലോറിയില്‍ അശാസ്ത്രീയമായ രീതിയില്‍ കൊണ്ട് പോകവേ കുത്തനെയുള്ള കയറ്റത്തില്‍ ലോറിയുടെ ടാങ്കിന്റെ അടപ്പ് തുറന്ന് ദ്രാവകം റോഡിലേക്ക് ഒഴുകുകയായിരുന്നു. സംഭവമറിയാതെ വന്ന നിരവധി ബൈക്കുകളാണ് റോഡില്‍ തെന്നിമറിഞ്ഞ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട പ്രദേശവാസിയായ കെ.പി ഇഖ്ബാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന എം. ഇബ്രാഹിം വളപ്പില്‍ എന്നിവര്‍ ചേര്‍ന്ന് ബൈക്കില്‍ പിന്‍തുടര്‍ന്നാണ് റോഡില്‍ അപകടങ്ങള്‍ക്കിടയാക്കിയ ലോറി പിടികൂടിയത്. ടാങ്കര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോറി പൊലിസ് കസ്റ്റഡിയെടുത്തു. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകര്‍ ഉടന്‍ റോഡില്‍ മുന്നറിയിപ്പ് നല്‍കി ഗതാഗതം തടഞ്ഞതിനാലാണ് കൂടുതല്‍ ദുരന്തങ്ങളില്ലാതെ രക്ഷയായത്.
രാത്രിയോടെ തന്നെ മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡില്‍ വെള്ളം പമ്പ് ചെയ്ത് മണിക്കൂറുകളോളം ശ്രമം നടത്തി കഴുകിയെങ്കിലും ഫലം കണ്ടില്ല. രാത്രിതന്നെ നാട്ടുകാര്‍ വിവരം പാരിസണ്‍ കമ്പനി അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ മുഖവിലക്കെടുത്തില്ലായെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചു. കരാറടിസ്ഥാനത്തില്‍ നല്‍കുന്ന ഉല്‍പന്നം വാഹനത്തില്‍ കയറ്റി കമ്പനിക്ക് പുറത്തേക്ക് പോയാല്‍ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം നിരവധി ബസുകളും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്കുള്‍പ്പെടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന ദേശീയ പാത കാക്കഞ്ചേരി - കൊട്ടപ്പുറം, എയര്‍ പോര്‍ട്ട് റോഡ് 15 മണിക്കൂറോളം അടച്ചിടേണ്ടി വന്നു. തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ ഇടപെടലിലാണ് ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കമ്പനി അധികൃതര്‍ സംഭവസ്ഥലത്തെത്തിയത്. കമ്പനി ജീവനക്കാര്‍ പ്രത്യേക കെമിക്കല്‍ ഉപയോഗിച്ച് റോഡ് കഴുകിയ ശേഷം അഗ്‌നിശമന സേന വെള്ളം പമ്പ് ചെയ്ത് ശുചീകരിക്കുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടേയും മികച്ച പങ്കാളിത്തമുണ്ടായി. ഉച്ചക്ക് 12ഓടെയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."