പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പോളിങ് ബൂത്തില്‍; ദുരൂഹതയെന്ന് ആക്ഷേപം
പാലക്കാട് : ജില്ലയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോളിങ്ങ് ബൂത്തുകളില്‍ വെച്ച് വിതരണം ചെയ്ത അധികൃതരുടെ നടപടിയില്‍ ദുരൂഹത. ബി.എല്‍.ഒ മാരായ അംഗന്‍വാടി ടീച്ചര്‍മാരാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്. അതേ സമയം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഇത്തരത്തില്‍ കാര്‍ഡ് വിതരണം നടന്നിട്ടുമില്ല. മാര്‍ച്ച് 25 വരെയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് കൊടുക്കുന്ന കാര്‍ഡിനു പുറമെ നിലവില്‍ കാര്‍ഡുള്ളവരും വോട്ടേഴ്‌സ് പട്ടികയില്‍ പേരുള്ളവര്‍ക്കും പുതിയ കാര്‍ഡുകള്‍ ഇന്നലെ വിതരണം ചെയ്തു.
കരിമ്പുഴ സ്‌കൂളില്‍ വിതരണം ചെയ്ത കാര്‍ഡുകള്‍ ഒറ്റപ്പാലത്ത് വോട്ടര്‍പട്ടികയിലുള്ളവര്‍ക്കും ലഭിച്ചു. ഇവരുടെ പേരുകള്‍ കരിമ്പുഴയിലെ വോട്ടര്‍പട്ടികയിലും വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറി. ഇതിനെല്ലാം പുറമെ കരിമ്പുഴയില്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ പലര്‍ക്കും ഒന്നിലധികം കാര്‍ഡുകളും വിതരണത്തിന് എത്തിച്ചിരുന്നു. അവയില്‍ ഒന്നുമാത്രം നല്‍കി ബാക്കി ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ തിരിച്ചേല്‍പ്പിച്ചു. തെരഞ്ഞെടുപ്പ് ബൂത്തില്‍ കാര്‍ഡ് വിതരണം ചെയ്തത് സി.പി.എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ മാത്രമാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ളവര്‍ക്ക് ഭയമില്ലാതെ കള്ളവോട്ട് ചെയ്യാനാണ് ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതെന്നും ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി. അതേസമയം ഒന്നില്‍ കൂടുതല്‍ കാര്‍ഡുകള്‍ വിതരണത്തിന് വന്നതില്‍ വിലാസത്തില്‍ മാറ്റമുണ്ടോ ഒന്നുതന്നെയാണോ എന്നറിയാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. വരോട് എ.യു.പി സ്‌കൂള്‍, തൃക്കടീരി എല്‍.പിസ്‌കൂള്‍, മാങ്ങോട് എ.എല്‍.പി സ്‌കൂള്‍, കരിമ്പുഴ ഹയര്‍സെക്കന്ററി സ്‌കൂള്‍, മുണ്ടൂര്‍ എന്നിവിടങ്ങളിലും കാര്‍ഡ് വിതരണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."