മായം കലര്‍ന്ന ശീതളപാനീയ വില്‍പന: പ്രഹസനമായി പരിശോധനകള്‍
കഞ്ചിക്കോട്: ജില്ലയില്‍ വേനല്‍ കനത്ത സാഹചര്യത്തില്‍ ശീതളപാനീയ വിപണി സജീവമാകുമ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ പ്രഹസനമാകുന്നു.
രുചി കൂട്ടുന്നതിനും കളര്‍ ലഭിക്കുന്നതിനുമായി രാസവസ്തുക്കളുടെ ഉപയോഗം അമിതമാവുമ്പോഴും അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനു പുറമെയാണ് തണുപ്പിക്കുന്നതിനായി ചേര്‍ക്കുന്ന ഐസിന്റെ അവസ്ഥയും. സര്‍ബത്ത്, കുലുക്കി സര്‍ബത്ത്, ഗ്രേപ്പ് ജ്യൂസ് എന്നിങ്ങനെയുള്ള ശീതള പാനീയങ്ങളില്‍ ചേര്‍ക്കുന്നത് മീന്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസുകട്ടകളാണ്. ഇവ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ചുമ, തൊണ്ട വേദന പോലുള്ള അസുഖങ്ങള്‍ക്കു കാരണമാവുന്നുണ്ട്.
മാത്രമല്ല ഇത്തരം ശീതളപാനീയ വിപണികളില്‍ ജ്യൂസുണ്ടാക്കാനുപയോഗിക്കുന്ന വെള്ളം, ഉപകരണങ്ങളുടെ അവസ്ഥ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി എന്നിവയൊക്കെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കണമെന്ന മാന്ദദണ്ഡങ്ങളൊക്കെ കാറ്റില്‍പറക്കുകയാണ്.
ദേശീയ സംസ്ഥാന പാതകളും നഗര -ഗ്രാമീണ റോഡുകളുമൊക്കെ വേനല്‍കനത്തതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. പാതയോരങ്ങളില്‍ വില്‍പന നടത്തുന്നശീതള പാനീയ കച്ചവടങ്ങളില്‍ 96 ശതമാനം അനധികൃതമാണ്. കൃത്യമായ മേല്‍വിലാസമോ ലൈന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമങ്ങളില്‍ ലംഘിച്ചാണ് പലകച്ചവടങ്ങളും നടക്കുന്നത്.
തണ്ണിമത്തന്‍, ജ്യൂസ് തയാറാക്കി കലക്കി വെക്കുന്നതിനാല്‍ ഇവയില്‍ രുചിക്കുവേണ്ടി സൂപ്പര്‍ ഗ്ലോ എന്ന രാസവസ്തു ചേര്‍ക്കുന്നതായാണ് പറയപ്പെടുന്നത്. ഇതിനു പുറമെ ഇത ശീതളപാനീയങ്ങളില്‍ ബാക്കറിന്‍, ഡെല്‍സിന്‍ എന്നീ രാസ വസ്തുക്കള്‍ മധുരവും രുചിയും ലഭിക്കുന്നതിനു വേണ്ടിയുപയോഗിക്കുന്നുണ്ട്. പഞ്ചസാരയില്‍ അളവ് കുറക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഇത്തരം വസ്തുക്കളുപയോഗിക്കുന്നത്. പൊടി രൂപത്തിലെത്തുന്ന ഇത്തരം രാസവസ്തുക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ഏജന്റുവഴിയാണ് വഴിയോരകച്ചവടക്കാരിലെത്തുന്നത്.
കടകളില്‍ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ നമ്പര്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം, സര്‍ബത്ത്, ഷേക്ക്, ജ്യൂസ് എന്നവികളില്‍ ചേര്‍ക്കുന്ന എസന്‍സ്, സിറപ്പ് എന്നിവ വാങ്ങുന്ന ബില്ലുകള്‍ സൂക്ഷിക്കണമെന്ന വകുപ്പിന്റെ നിയമങ്ങളാണ് മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. വേനല്‍ കനത്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്നു പറഞ്ഞെങ്കിലും എവിടെയും പരിശോധനകള്‍ നടക്കുന്നില്ല.
വന്‍കിട ഹോട്ടലുകളിലും ബേക്കറികളിലും പരിശോധനകള്‍ ഇടക്കിടെ മേമ്പൊടിക്കുവേണ്ടി നടക്കുന്നതല്ലാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന വഴിയോര വിപണികളില്‍ ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ പ്രഹസനം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."