കൊവിഡ് പ്രതിസന്ധി; സഊദി കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവ്, ബാങ്കിങ് മേഖലയിൽ 81 ശതമാനം കുറവ്
റിയാദ്: കൊവിഡ് മഹാമാരി മൂലം ആഗോളാടിസ്ഥാനത്തിൽ തന്നെ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ കണക്കുകൾക്കിടെ സഊദി കമ്പനികളുടെ നഷ്ടകണക്കുകളും പുറത്ത്. സഊദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ ലാഭം ഈ വർഷം രണ്ടാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 76.7 ശതമാനം ഇടിഞ്ഞതായാണ് കണക്കുകൾ കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ പ്രശ്‌നങ്ങളാണ് സാമ്പത്തിക ലാഭം ഇത്ര ഭീമമായ രീതിയിൽ ഇടിയാൻ കാരണം. ഏപ്രിൽ, മെയ്, ജൂൺ എന്നീ മൂന്ന് മാസങ്ങളിൽ മാത്രം സഊദി കമ്പനികളുടെ ലാഭത്തിൽ 8630 കോടി റിയാലിന്റെ കുറവാണുണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്ക് ആയ സഊദി ബ്രിട്ടീഷ് ബാങ്കിന് വൻ നഷ്‌ടം നേരിടുകയും ചെയ്‌തിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ മാത്രം രണ്ടാം പാദത്തിൽ ലാഭം 81 ശതമാനമാണ് കുറഞ്ഞത്.
ലോകത്തെ തന്നെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനികളിൽ ഒന്നായ സഊദി ബേസിക് ഇൻഡസ്‌ട്രീസ് കോർപ്പറേഷൻ (സാബിക്) രണ്ടാം പാദത്തിൽ 220 കോടി റിയാൽ നഷ്ടമാണുണ്ടാക്കിയത്.
മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക, വിതരണ കമ്പനിയായ സഊദി അരാംകോയുടെ ലാഭത്തിലും വൻ ഇടിവ് ഉണ്ടായി. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞതും സംസ്‌കരണ മേഖലയിൽ നിന്നുള്ള ലാഭം കുറഞ്ഞതുമാണ് അറാംകോയുടെ ലാഭം കുറയാൻ ഇടയാക്കിയത്. എങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ ലാഭം നേടിയ കമ്പനിയായി സഊദി അരാംകോ തന്നെയാണ് മുന്നിൽ
രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 1012 കോടി ലാഭം നേടിയെങ്കിൽ ഈ വർഷം ഇതേ സമയത്ത് 190 കോടി റിയാൽ മാത്രമാണ് ലാഭം നേടാനായത്. ലാഭത്തിൽ 81 ശതമാനമാണ് ഇടിവ് നേരിട്ടത്. സഊദി ബ്രിട്ടീഷ് ബാങ്കിന് മാത്രം 680 കോടി റിയാൽ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്ത് രണ്ടാം പാദത്തിൽ ഏറ്റവുമധികം ലാഭം നേടിയ കമ്പനി സഊദി അറാംകോ ആണ്. 272 കോടി റിയാൽ ലാഭം നേടി സഊദി ടെലകോം കമ്പനി രണ്ടാം സ്ഥാനത്തും. 244 കോടി റിയാൽ ലാഭം നേടി അൽറാജ്ഹി ബാങ്ക് മൂന്നാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."