ഉയര്‍ന്ന പോളിങ്: കൂട്ടിക്കിഴിച്ച് മുന്നണികള്‍
വി.കെ പ്രദീപ്
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ്ങിനെ തുടര്‍ന്ന് കൂട്ടിക്കിഴിച്ച് മുന്നണികള്‍. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് തങ്ങള്‍ക്കനുകൂലമാവുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. അവകാശവാദം ഉന്നയിക്കുമ്പോഴും മണ്ഡലത്തില്‍ നടന്ന വോട്ടിങ്ങിന്റെ അടിയൊഴുക്ക് മുന്നണികളെയും സ്ഥാനാര്‍ഥികളെയും ആശങ്കയിലാക്കുന്നുണ്ട്. ഉയര്‍ന്ന പോളിങ് യു.ഡി.എഫിന് അനുകൂലമാകുമെന്നും ഇത് വലിയ ഭൂരിപക്ഷം സമ്മാനിക്കുമെന്നുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്. ഇടതുമുന്നണിയുടെ തട്ടകങ്ങളായ കല്യാശ്ശേരിയിലും പയ്യന്നൂരിലെയും ഉയര്‍ന്ന ഭൂരിപക്ഷം ഒരു ആശങ്കയും ഉണ്ടാക്കുന്നില്ലെന്നും അവിടെ ഭൂരിപക്ഷം ഉയര്‍ന്നത് പോലെ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും വലിയ തോതില്‍ പോളിങ് നടന്നിട്ടുണ്ട്. മുസ്‌ലിം ലിഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ 90 ശതമാനത്തിനുമുകളില്‍ ചില ബൂത്തുകളില്‍ പോളിങ് നടന്നിട്ടുണ്ടെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
പലയിടത്തും പ്രിസൈഡിങ് ഓഫിസര്‍മാര്‍ വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിന് മനഃപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. വിദേശത്തു നിന്നടക്കം എത്തി നിരവധി പേര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അടിയൊഴുക്കുകള്‍ യു.ഡി.എഫിന് അനുകൂലമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പയ്യന്നൂരിലും കല്യാശ്ശേരിയിലും വന്‍ തോതില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് വിജയമുണ്ടാവാനുള്ള പ്രവര്‍ത്തനം യു.ഡി.എഫ് നടത്തിയിട്ടുണ്ടെന്നും 50000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ഉണ്ണിത്താന്‍ വിജയിക്കുമെന്നുമാണ് യു.ഡി.എഫ് ക്യാംപുകളിലെ സംസാരം.
ഇടതുമുന്നണിക്ക് നിര്‍ണായക സ്വാധീനമുള്ള കല്ല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാണെന്നാണ് ഇടതുമുന്നണി ക്യാംപുകള്‍ പറയുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിക്കുന്ന ലീഡ് കല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് മറികടക്കാനാവുമെന്നാണ് എല്‍.ഡി.എഫ് ക്യാംപിന്റെ വിശ്വാസം. മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് മറിഞ്ഞിട്ടുണ്ടെങ്കില്‍ അതിനെയും മറികടന്ന് വിജയിക്കാനുള്ള ലീഡ് ലഭിക്കുമെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. പക്ഷെ, എത്രത്തോളം ബി.ജെ.പി വോട്ട് ഉണ്ണിത്താന് മറിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച കണക്കുകളാണ് ഇടതുമുന്നണിയെ അസ്വസ്ഥമാക്കുന്നത്. വിജയം ഉറപ്പാണെന്നും മണ്ഡലത്തില്‍ വോട്ടിങ് ശതമാനവും ഭൂരിപക്ഷവും വര്‍ധിപ്പിച്ചു കൊണ്ടുള്ള വിജയമാണ് എല്‍.ഡി.എഫിനെ കാത്തിരിക്കുന്നതെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി-ആര്‍.എസ്.എസ് വോട്ട് യു.ഡി.എഫിന് മറിച്ച് നല്‍കിയാലും കാസര്‍കോട് മണ്ഡലത്തില്‍ ഇടതുവിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി അപ്രതീക്ഷിത വിജയം നേടുമെന്ന് പറയുമ്പോഴും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് പോയിട്ടുണ്ടെന്ന് അണിയറ സംസാരമുണ്ട്. രണ്ടേകാല്‍ ലക്ഷം വോട്ട് നേടുകയെന്നതും മഞ്ചേശ്വരം മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് വരികയെന്നതുമായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ അടിയൊഴുക്കില്‍ രണ്ട് ലക്ഷ്യവും പിഴക്കുമെന്നാണ് ഒടുവിലത്തെ കണക്ക് കൂട്ടലിലെ സൂചന.
എല്ലാ നിയോജക മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിഞ്ഞിട്ടുണ്ടെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്. മറിഞ്ഞ ബി.ജെ.പി വോട്ടുകളും ന്യൂനപക്ഷങ്ങളുടെ വോട്ടുമൊക്കെ ഇഴകീറി പരിശോധിച്ചുള്ള ചര്‍ച്ചകളാണ് വോട്ടെടുപ്പിനുശേഷം മൂന്ന് മുന്നണികളും നടത്തുന്നത്. കാസര്‍കോട് മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ഏതു മുന്നണിയ്ക്ക് ഗുണകരമാവുമെന്നത് കണ്ടറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം.
ഇടതുമുന്നണി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ പ്രതീക്ഷയാണ് ഇടതുമുന്നണിക്ക് നല്‍കുന്നത്. ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലവും കേന്ദ്രീകരിച്ച് എണ്ണയിട്ട യന്ത്രം പോലെയാണ് ഇടതുമുന്നണി പ്രവര്‍ത്തിച്ചത്. ഈ പ്രവര്‍ത്തനം വോട്ടാകുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ കരുതുന്നത്.
മുസ്‌ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വോട്ടാകുമെന്നാണ് വലതുമുന്നണി കരുതുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന പരിചിത മുഖം സ്വാധീനിക്കുന്ന നിഷ്പക്ഷ വോട്ടുകളും വലതുമുന്നണിയെ വിജയിപ്പിക്കുമെന്നാണ് വലതു ക്യാംപിലെ കണക്ക് കൂട്ടല്‍. അണിയറ ചര്‍ച്ചകള്‍ അനുസരിച്ചാണെങ്കില്‍ ഫലം പുറത്തുവന്നാല്‍ ബി.ജെ.പിയിലെ വോട്ടു ചോര്‍ച്ചയായിരിക്കും പ്രധാന ചര്‍ച്ചയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."