ഇടവിളകൃഷി ഇറക്കാനാവാതെ മലയോര കര്‍ഷകര്‍
ഇരിക്കൂര്‍: കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായതിനാല്‍ മലയോര മേഖലയില്‍ ഇടവിളകൃഷികള്‍ ഇറക്കാനാവാത്ത അവസ്ഥയില്‍ കര്‍ഷകര്‍. ഇരിക്കൂര്‍, പടിയൂര്‍, മലപ്പട്ടം, ശ്രീകണ്ഠപുരം, കല്യാട്, ബ്ലാത്തൂര്‍, തിരൂര്‍, ഊരത്തൂര്‍ പെരുമണ്ണ്, കുയിലൂര്‍, പയ്യാവൂര്‍, മടമ്പം തുടങ്ങിയ പ്രദേശങ്ങളില്‍ ഇടവിള കൃഷികള്‍ ഇറക്കേണ്ട സമയമാണിപ്പോള്‍. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കപ്പ, വാഴ, മധുര കിഴങ്ങ്, മറ്റ് കിഴങ്ങ് വര്‍ഗങ്ങള്‍, പച്ചക്കറി എന്നിവയാണിപ്പോള്‍ കൃഷി ഇറക്കേണ്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പന്നി, കുരങ്ങുകളുടെ ശല്യത്താല്‍ പലരും കൃഷിയിറക്കാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. കൃഷി നശിച്ചര്‍ക്ക് സര്‍ക്കാരോ കൃഷി വകുപ്പോ യാതൊരു സാമ്പത്തിക കാര്‍ഷിക സഹായവും നല്‍കാത്തതും കര്‍ഷകര്‍ കൃഷി ഇറക്കുന്നതില്‍ നിന്ന് പുറകോട്ട് പോവുകയാണ്.
തെങ്ങിന്‍ തോപ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും കശുവണ്ടി തോട്ടങ്ങളിലുമാണ് കര്‍ഷകര്‍ വന്‍തോതില്‍ ഇടവിളകൃഷി ചെയ്തിരുന്നത്. എന്നാല്‍ പന്നി, കുരങ്ങ് എന്നിവയുടെ ശല്യത്താല്‍ പലരും ഇവിടം തരിശാക്കി ഇട്ടിരിക്കുകയാണ്. കുരങ്ങുകള്‍ തെങ്ങിന്‍ മണ്ടയില്‍ വച്ച് തന്നെ തേങ്ങ തിന്നുന്നത് പതിവാണ്. വീടിന്റെ പരിസരത്തും തോട്ടങ്ങളില്‍ വെച്ചും പന്നിയും കുരങ്ങും ആള്‍ക്കാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുന്ന സംഭവവും കുറവല്ല. ഈ മേഖലയില്‍ കാട്ടാന ശല്യം ഇല്ലാത്തത് ഏറെ ആശ്വാസകരമാണ്. കാട്ടുപന്നി, കുരങ്ങ് ശല്യം തടയാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുതിയ ഈ വിളകൃഷി ഇറക്കാനാവശ്യമായ സൗകര്യമൊരുക്കാനും അധികൃതര്‍ തയാറാവണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."