പാലത്തിന്റെ ബീമുകള്‍ തകര്‍ന്നത് രാഷ്ട്രീയ വിവാദത്തിലേക്ക്
കണ്ണൂര്‍: നിര്‍മാണത്തിലിരിക്കുന്ന തലശ്ശേരി- മാഹി ബൈപ്പാസ് റോഡിലെ പാലത്തിന്റെ ഗര്‍ഡര്‍ ബീമുകള്‍ നെടുകെ പിളര്‍ന്നു തകര്‍ന്നുവീണ സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. യു.ഡി.എഫ് ഭരണകാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലം തകര്‍ച്ചയെ തുടര്‍ന്നു മുന്നണിക്കെതിരേ തിരിഞ്ഞ എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുക കൂടിയാണ് യു.ഡി.എഫ് ലക്ഷ്യം. തലശ്ശേരി ചിറക്കുനിയില്‍ നിന്നു നിട്ടൂര്‍ ബാലത്തിലേക്കു പോകുന്ന പാലത്തിന്റെ നാലു ബീമുകള്‍ തകര്‍ന്ന സ്ഥലം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു രാവിലെ 11 മണിക്ക് സന്ദര്‍ശിക്കും.
വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയാക്കുക കൂടിയാണ് ചെന്നിത്തലയുടെ സന്ദര്‍ശനംവഴി യു.ഡി.എഫ് ലക്ഷ്യമിടുന്നത്. പാലാരിവട്ടം പാലം അഴിമതിയുടെ പേരില്‍ ഒന്നടങ്കം ആക്രമിച്ച എല്‍.ഡി.എഫിനു മേല്‍ പ്രതിരോധം തീര്‍ക്കാന്‍ യു.ഡി.എഫിനു വീണുകിട്ടിയ ആയുധമാണ് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളുടെ തകര്‍ച്ച. നിയമസഭാ തെരഞ്ഞെടുപ്പിനു 10 മാസം മാത്രം ബാക്കിനില്‍ക്കെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേയുള്ള പ്രചാരണത്തിനു മൂര്‍ച്ചകൂട്ടാനുള്ള അവസരമായാണു പാലം തകര്‍ച്ചയെ യു.ഡി.എഫ് കാണുന്നത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് പാലത്തിന്റെ നാലു ബീമുകള്‍ പുഴയിലേക്കു തകര്‍ന്നുവീണത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തലശ്ശേരി- മാഹി ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെയാണ് തകര്‍ച്ച. ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്ന ബൈപ്പാസിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 2018 ഒക്ടോബര്‍ 30നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
പാലം തകര്‍ന്നതിനു പിന്നാലെ
പരിഹാസവുമായി ഇബ്രാഹിം കുഞ്ഞ്
കൊച്ചി: നിര്‍മാണം നടക്കുന്ന തലശേരി - മാഹി ബൈപ്പാസിലെ പാലം തകര്‍ന്നതിനു പിന്നാലെ പരിഹാസവുമായി പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ.
കഴിഞ്ഞ ദിവസം മാഹി പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനു പിന്നാലെയാണ് ഇബ്രാഹിം കുഞ്ഞ് 'പാലാരിവട്ടം പാലം' എന്ന അടിക്കുറിപ്പോടെ പാലത്തിന്റെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
1,000 കോടി രൂപയിലധികം ചെലവാക്കി 18 കിലോമീറ്റര്‍ ദൂരത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിപ്പാതയായി നിര്‍മിക്കുന്ന തലശേരി - മാഹി ബൈപ്പാസിലെ പുഴയ്ക്കു കുറുകെ നിട്ടൂരില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്നുവീണത്. ഇതിനു പിന്നാലെയാണ് പരോക്ഷ പരിഹാസവുമായി പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഇബ്രാഹിം കുഞ്ഞിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇതിനെ പരിഹസിച്ചും അനുകൂലിച്ചും കമന്റുകളും വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."