റവന്യൂ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് മാനദണ്ഡമായി
തിരുവനന്തപുരം: റവന്യൂ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് ഇനിമുതല്‍ പൊതുമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഉത്തരവ്. സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്.
സംസ്ഥാനതല സ്ഥലംമാറ്റങ്ങള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 31നകവും ജില്ലാതലത്തില്‍ ഏപ്രില്‍ 30നകവും പൂര്‍ത്തീകരിക്കണം. ഒരു സ്ഥലത്തേക്ക് ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ അപേക്ഷ നല്‍കിയാല്‍ സീനിയോറിറ്റി ഒന്നാമതായി പരിഗണിക്കണം. ഡെപ്യൂട്ടേഷന്‍ കാലയളവ് സ്ഥലം മാറ്റത്തിനുവേണ്ടി അര്‍ഹതയുള്ള കാലയളവായി പരിഗണിക്കില്ല. പരസ്പരം മാറ്റത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. സ്ഥലം മാറ്റം ആവശ്യമുള്ള ജീവനക്കാര്‍ ജനുവരി 1മുതല്‍ 31 നകം നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ഓഫിസ് തലവന്‍ വഴി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം. സ്ഥലംമാറ്റം ജില്ലക്ക് അകത്താണെങ്കില്‍ കലക്ടര്‍ക്കും അന്തര്‍ ജില്ലയിലാണെങ്കില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും അപേക്ഷ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അപേക്ഷകള്‍ പരിശോധിച്ച് ഒഴിവുകള്‍ക്കനുസൃതമായി മുന്‍ഗണനാക്രമത്തില്‍ കരട് പട്ടിക തയാറാക്കി ഫെബ്രുവരി 28 നകം നോട്ടിസ് ബോര്‍ഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം.
ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനകം രേഖാമൂലം ബന്ധപ്പെട്ട അധികാരിയെ അറിയിക്കണം. ആക്ഷേപങ്ങള്‍ പരിശോധിച്ച് തീര്‍പ്പാക്കി ശേഷം മുന്‍ഗണനാ പട്ടിക മാര്‍ച്ച് 31നകം നോട്ടിസ് ബോര്‍ഡിലും ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ച് മെയ് ഒന്നുമുതല്‍ നടപ്പാക്കും.
അടുത്ത സ്ഥലം മാറ്റത്തിനുള്ള മുന്‍ഗണനാ പട്ടിക നിലവില്‍ വരുന്നതു വരെ ഈ പട്ടിക നിലവിലുണ്ടാവുമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."