ആഘോഷങ്ങളില്‍ പട്ടിണിയുണ്ടാകരുത്; മാതൃക തീര്‍ത്ത് യുവ കൂട്ടായ്മയുടെ കൈത്താങ്ങ്
തിരുവമ്പാടി: ആഘോഷങ്ങളില്‍ ആരും പട്ടിണി കിടക്കരുതെന്ന ആഗ്രഹം നിറവേറ്റിയ നിര്‍വൃതിയിലാണ് തിരുവമ്പാടിയിലെ ഒരു കൂട്ടം യുവാക്കള്‍. ഈ യുവാക്കളുടെ ഓണം, ബലിപെരുന്നാള്‍ ആഘോഷം പ്രളയദുരിതം മൂലം ദുരിതാശ്വാസ ക്യാംപുകളിലായവരോടൊപ്പമായിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്റെ അഭ്യര്‍ഥനയില്‍ തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള സന്നദ്ധ സേവന തല്‍പരരായ ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തില്‍ 'പ്രകൃതിക്ഷോഭത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായ് ഒരു കൈത്താങ്ങ്' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി തിരുവമ്പാടി സാംസ്‌കാരിക നിലയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ ശേഖരിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ വിവിധ സാധനങ്ങള്‍ എത്തിച്ചതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തായി.
സഹായങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനായി ഒരു കോഡിനേഷന്‍ വര്‍ക്കിങ് കമ്മിറ്റി രൂപീകരിച്ച് മണ്ഡലത്തിലെ വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കി ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും ആദ്യഘട്ടമായി വിതരണം ചെയ്തു.
രണ്ടാം ഘട്ടമായി തിരുവമ്പാടി പഞ്ചായത്തില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വാര്‍ഡ് മെംബര്‍മാര്‍ തന്ന ലിസ്റ്റ് പ്രകാരം കോളനികളില്‍ പ്രയാസമായി കഴിയുന്നവര്‍ക്കും കിടപ്പുരോഗികള്‍, മാറാരോഗികള്‍, വിധവകള്‍, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയും 10 കിലോ വീതം അരി വിതരണം ചെയ്തു.
കൂമ്പാറയില്‍ ഉരുള്‍പൊട്ടലില്‍ വീട് ഭാഗികമായി തകര്‍ന്ന സുബൈദയ്ക്ക് പുതിയ വാടക വീട്ടിലേക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ നല്‍കി. ആനയാംകുന്ന് ഭാഗത്ത് ഒരു വീട്ടിലേക്ക് കട്ടില്‍, ബെഡ്, ബെഡ്ഷീറ്റ്, പുതപ്പുകള്‍, തലയണ, അലമാര തുടങ്ങിയവയും നല്‍കി.
ബക്രീദ്, ഓണം ആഘോഷ ദിനങ്ങളില്‍ കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്‍ തെളിനീരായി സഹായങ്ങള്‍ എത്തിച്ച് 500ഓളം കുടുംബങ്ങളില്‍ ആഘോഷങ്ങളിലെ പട്ടിണി മാറ്റാന്‍ ഈ സംഘത്തിന് കഴിഞ്ഞു.
ഫാസില്‍ തിരുവമ്പാടി, അഷ്‌റഫ് കൂളി, റിയാസ് അരിമ്പ്ര, ബഷീര്‍ മൊല്ല, നദ്‌റസ്, ഹബീബി, അസൈന്‍ (കുഞ്ഞാപ്പു), ഹബീദ്, മന്‍സൂര്‍, മുഹമ്മദലി, ഒ.കെ ഷംസു എന്നിവരാണ് കോഡിനേഷന്‍ ആന്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."