ഉയര്‍ന്ന പോളിങ് ശതമാനം; ഇടുക്കി വലത്തോട്ടെന്ന് സൂചന
തൊടുപുഴ: മൂന്ന് പതിറ്റാണ്ടത്തെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയതോടെ ഇടുക്കി ലോക്‌സഭാ മണ്ഡലം വലത്തോട്ടെന്ന് സൂചന. പോള്‍ ചെയ്ത വോട്ടില്‍ 5.6 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ പ്രതീക്ഷ വാനോളം ഉയര്‍ന്നുകഴിഞ്ഞു. സാധാരണ ഉയര്‍ന്ന പോളിങ് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറയാറുണ്ടെങ്കിലും ഇടുക്കിയില്‍ മറിച്ചും സംഭവിച്ചിട്ടുണ്ട്.
1989 ലാണ് ഇതിന് മുമ്പ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 76.77 ശതമാനമായിരുന്നു 1989 ല്‍ പോളിങ്. അന്ന് കോണ്‍ഗ്രസിലെ പാല കെ.എം മാത്യൂ സി.പി.എമ്മിലെ എം.സി ജോസഫൈനെ 91,479 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. താരമമ്യേന കൂടിയ പോളിങ് ( 70.66 ) രേഖപ്പെടുത്തിയ കഴിഞ്ഞ തവണ പക്ഷെ ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിനെയാണ് വിജയം തുണച്ചത്.
ബി.ജെ.പിയുടെ സജീവ സാന്നിധ്യം നിയമസഭ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിജയം അട്ടിമറിക്കുന്ന പ്രവണതയിലേക്ക് വന്നിരിക്കെ പോളിങ് വര്‍ധന ആരുടെയെങ്കിലും ജയപരാജയങ്ങളെ നിര്‍ണയിക്കുമെന്ന് പറയുക അത്ര എളുപ്പമല്ല. എന്നാല്‍, യു.ഡി.എഫ് മണ്ഡലെമന്ന വിശേഷണവും പോളിങ് ശതമാനത്തിലെ വര്‍ധനവും ഒന്നിച്ചു പരിഗണിച്ചാല്‍ വിജയം യു.ഡി.എഫിനാകും.
കൂടിയ ഭൂരിപക്ഷത്തില്‍ ഇടുക്കിയില്‍ നിന്ന് വിജയിച്ചവരൊക്കെ കോണ്‍ഗ്രസുകാരാണെന്ന പ്രത്യേകതയുമുണ്ട്. ഇടുക്കിയില്‍ നിന്ന് ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചത് കോണ്‍ഗ്രസിലെ പ്രൊഫ.പി.ജെ. കുര്യനാണ് 1984 ല്‍ 130624 വോട്ടിനാണ് കുര്യന്‍ വിജയിച്ചത്. അന്ന് ഇന്ദിരാഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട സഹതാപ തരംഗവുമുണ്ടായിരുന്നു.
പാല കെ.എം.മാത്യൂ 91,479 വോട്ടിനും സി.എം. സ്റ്റീഫന്‍ 79,257 വോട്ടിനും പി.ടി. തോമസ് 74,796 വോട്ടിനുമാണ് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്നല്ലാതെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചത് ഫ്രാന്‍സിസ് ജോര്‍ജൂം ജോയ്‌സ് ജോര്‍ജും. ഇവര്‍ക്ക് യഥാക്രമം 69,384, 50,542 എന്നിങ്ങനെയാണ് ഭൂരിപക്ഷം കിട്ടിയത്.
1987 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഇടുക്കിയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 77.69 ശതമാനം. അന്ന് യു.ഡി.എഫ് ജില്ലയിലെ അഞ്ചില്‍ നാലു സീറ്റും സ്വന്തമാക്കുകയായിരുന്നു. തൊടുപുഴ,ദേവികുളം,ഇടുക്കി,ഉടുമ്പഞ്ചോല,പീരുമേട് മണ്ഡലങ്ങളില്‍ യഥാക്രമം 81.32, 74.53, 79.15, 76.10, 77.38 എന്നിങ്ങനെയായിരുന്നു അന്നത്തെ പോളിങ്ങ് ശതമാനം.
91ല്‍ പോളിങ്ങ് ശതമാനം 71.46 ആയി കുറഞ്ഞു. മണ്ഡലം തിരിച്ച് യഥാക്രമം 77.27,68.18,71.24,69.46,71.16 എന്നിങ്ങനെയായിരുന്നു നില. 96ല്‍ 70.05 ആയി കുറയുകയായിരുന്നു വീണ്ടും. എന്നാല്‍ 2001ല്‍ 74.52 ആയി ഉയര്‍ന്നു വോട്ടു ശതമാനം. 83.37, 70.35, 68.88, 70.51, 79.49 എന്നിങ്ങനെയായിരുന്നു വോട്ടുനില. 2006ല്‍ 71.14 ഉം 2011 ലെ അസംബ്ലി തെരെഞ്ഞെടുപ്പില്‍ ജില്ലയൊട്ടാകെ 71.16 ശതമാനവുമായിരുന്നു പോളിങ്ങ്.
കോതമംഗലത്താണ് ഇക്കുറി കൂടിയ പോളിങ്. കുറവ് ദേവികുളത്തുമാണ്. ഇടുക്കിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 9,17,563 പേരാണ് ഇക്കുറി സമ്മതിദാനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."