മദ്‌റസാധ്യാപകര്‍ക്ക് ആയിരം വീടൊരുക്കാന്‍ ഡിവൈന്‍ ഹാന്‍ഡ്‌സ്
കൊടുവള്ളി: സംഘടനകള്‍ക്കതീതമായി നിര്‍ധനരായ മദ്‌റസാധ്യാപകര്‍ക്ക് സ്‌നേഹ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുമായി സന്നദ്ധ സംഘടന. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് 'എന്റെ ഉസ്താദിനൊരു വീട്' എന്ന പേരില്‍ ഭവന നിര്‍മാണ പദ്ധതി ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്ന ആദ്യ വീടിന്റെ കട്ടില വയ്ക്കല്‍ നാളെ വൈകിട്ട് 4.30ന് കിഴക്കോത്ത് കത്തറമ്മലില്‍ പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്ന് അര്‍ഹരായ ആയിരം പേര്‍ക്കാണ് അഞ്ചു വര്‍ഷം കൊണ്ട് വീട് നിര്‍മിച്ചു നല്‍കുന്നത്. ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികളുടെ ശുപാര്‍ശയോടെ മൂന്നു സെന്റ് സ്ഥലമെങ്കിലും സ്വന്തമായുള്ള ഏതു മതസംഘടനയില്‍ പെട്ട ഉസ്താദുമാര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ഷഫീഖ് രാമപുരം, ഷഫീഖ് വടക്കാങ്ങര, മുഹമ്മദ് ഷഫീഖ് പെരിന്തല്‍, കെ.കെ ജബ്ബാര്‍, പി.ഡി അബ്ദുറഹ്മാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."