സഊദിയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ട്രക്കുകൾക്ക് പ്രവേശനം അനുവദിച്ചു
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തി വെച്ച കര മാർഗ്ഗമുള്ള ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു. അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള ചരക്കു ട്രക്കുകൾക്ക് സഊദിയിലൂടെ ട്രാൻസിറ്റ് ആയി മറ്റൊരു രാജ്യത്തേക്ക് കടന്നു പോകാനായുള്ള നടപടികളാണ് പുനരാരംഭിച്ചതെന്ന് സഊദി കസ്റ്റംസ് അറിയിച്ചു. സഊദിയിലേക്ക് കടക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ചരക്കു ലോറികളുടെ ഡ്രൈവർമാർക്ക് കൊറോണബാധാ ലക്ഷണങ്ങളുണ്ടോയെന്ന് കരാതിർത്തി പ്രവേശന കവാടങ്ങളിൽ വെച്ച് വിലയിരുത്തുക മാത്രമാണ് ചെയ്യുക.
ഇതോടൊപ്പം സഊദിയിൽ നിന്നുള്ള ലോറി ഡ്രൈവർമാർക്ക് മറ്റു രാജ്യങ്ങൾ ബാധകമാക്കുന്ന ആരോഗ്യ മുൻകരുതൽ നടപടികൾ സഊദിയിൽ പ്രവേശിക്കുന്ന ഡ്രൈവർമാർക്കും ബാധകമാക്കാനും നിർദേശമുണ്ട്. കരാതിർത്തി പ്രവേശന കവാടങ്ങളിൽ കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ലഘൂകരിച്ചാണ് മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള ചരക്കു ലോറികളെ ട്രാൻസിറ്റ് ആയി കടന്നുപോകാൻ അനുവദിച്ചത്.
രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതും നിയന്ത്രണ വിധേയമായതും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതോടനുബന്ധിച്ച്, രാഷ്ട്രീയ, സുരക്ഷാ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."