മഴയിലും കാറ്റിലും വന്‍ നാശനഷ്ടം; 18 വീടുകള്‍ക്ക് മുകളില്‍ മരം വീണു
മുക്കം: ഇന്നലെ വൈകീട്ടോടെ ജില്ലയുടെ മലയോര മേഖലയിലും മറ്റുമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. ഓമശ്ശേരി, മുക്കം, ചക്കിട്ടപ്പാറ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് കനത്ത വേനല്‍ മഴയുണ്ടായത്.
മുക്കം നഗരസഭയിലെ മുണ്ടുപാറ, പൂളപ്പൊയില്‍, നീലേശ്വരം, അമ്പലക്കണ്ടി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പൂളപ്പൊയിലില്‍ മരങ്ങള്‍ വീണ് ആറ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മണ്ണത്താന്‍കണ്ടി അബൂബക്കര്‍, മണ്ണത്താന്‍കണ്ടി അബ്ദുല്‍നാസര്‍, നീലേശ്വരം ബിജുമോന്‍ ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ വീടിന് മുകളിലേക്കാണ് മരങ്ങള്‍ കടപുഴകി വീണത്. മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പൂളപ്പൊയിലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മേത്തല്‍തൊടിക ബുഷൈറിന്റെ കാര്‍ മരം വീണ് തകര്‍ന്നു. നെടുങ്കണ്ടത്തില്‍ കുഞ്ഞിരായിന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ നിരവധി വാഴകളും മറ്റു വിളകളും കാറ്റില്‍ നശിച്ചു. മുണ്ടുപാറയില്‍ 10 വീടുകളുടെ മുകളില്‍ മരം വീണു. പത്മനാഭന്‍ നമ്പൂതിരി, കരീം സഖാഫി, എടക്കാട്ട് മുഹമ്മദ് എന്നിവരുടെതടക്കമുള്ള വീടുകള്‍ക്ക് മുകളിലാണ് മരം വീണത്. വി.പി അബൂബക്കര്‍, ഉമറലി പാലിയില്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. മുണ്ടുപാറ മദ്‌റസ, പള്ളി എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കെ.വി അബൂബക്കര്‍, മജീദ് എന്നീ കര്‍ഷകരുടേതടക്കം നിരവധി വാഴകളും നശിച്ചിട്ടുണ്ട്. അമ്പലക്കണ്ടിയിലും മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ മരം വീണ് നശിച്ചതിനാല്‍ വൈദ്യുതി തടസമുണ്ടായി. മാതളത്ത് കടവ് റോഡിലെ ഗതാഗതം തടസപ്പെട്ടു. ഓമശ്ശേരി വാദിഹുദ സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. നിരവധി മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഓമശ്ശേരി- തിരുവമ്പാടി റോഡില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. 16 മീറ്ററോളം നീളമുള്ള പ്ലാവാണ് റോഡിന് കുറുകെ വീണത്. മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേന മരം മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍മാരായ കെ. നാസര്‍, സമീറുള്ള, സുരേഷ് മേലേടത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പേരാമ്പ്ര: പഞ്ചായത്തിലെ മരുതേരി കുന്നോത്ത് താഴെ മഠത്തില്‍ മാധവിയുടെ വീടിന് മുകളില്‍ വൈകിട്ട് ആറോടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അരിക്കുളം ഏക്കാട്ടൂര്‍ ആയാട്ടു വടക്കയില്‍ കുഞ്ഞമ്മദിന്റെ വീടും തെങ്ങ് കടപുഴകി വീണ് നാശനഷ്ടമുണ്ടായി. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ചക്കിട്ടപ്പാറയില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയുടെ ഷീറ്റുകളും ഓടുകളും പാറിപ്പോയി. മരങ്ങള്‍ കടപുഴകി വീണും നാശ നഷ്ടമുണ്ടായിട്ടുണ്ട്. പല ഭാഗത്തും വൈദ്യുതി വിതരണം തകരാറിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."