വിരമിച്ച വൈദ്യുതി ബോര്‍ഡ് ഡയരക്ടറുടെ സര്‍വിസ് വീണ്ടും നീട്ടി
തൊടുപുഴ: വിരമിച്ച വൈദ്യുതി ബോര്‍ഡ് ഡയരക്ടറുടെ സര്‍വിസ് രണ്ടാമതും നീട്ടി സര്‍ക്കാര്‍. 2019 ഓഗസ്റ്റ് 31 ന് വിരമിച്ച ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഐ.ടി ഡയരക്ടര്‍ പി. കുമാരന്റെ സര്‍വീസാണ് രണ്ടാമതും ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയത്. എച്ച്.ആര്‍.എം ചുമതല കൂടിയുള്ള ഇദ്ദേഹത്തിന്റെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി സര്‍വിസ് നീട്ടി ഊര്‍ജ വകുപ്പ് ഉത്തരവിറക്കിയത്. വൈദ്യുതി ബോര്‍ഡിലെ വിവിധ ഭരണപക്ഷ - പ്രതിപക്ഷ സംഘടനകളുടെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് വിവാദ നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ പ്രമോഷനെയടക്കം ബാധിക്കുന്ന നടപടിയെ ആസാധാരണ സംഭവമായാണ് വിലയിരുത്തുന്നത്.
സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പോലും നടപടിയെ ആദ്യം ശക്തമായി എതിര്‍ത്തിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇനി ഡയരക്ടര്‍ സ്ഥാനത്തേക്ക് അര്‍ഹതപ്പെട്ടയാള്‍ തങ്ങളുടെ സംഘടനാ അംഗമല്ലാത്തതിനാലാണ് ഇവര്‍ മയപ്പെട്ടത്. പ്രമോഷനെ കാര്യമായി ബാധിക്കുന്ന നടപടിയില്‍ വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ കടുത്ത അസംതൃപ്തിയിലാണ്. ഡയരക്ടറുടെ കാലാവധി നീട്ടിയതിലൂടെ സീനിയര്‍ ചീഫ് എന്‍ജിനീയറുടെ അവസരമാണ് നഷ്ടമായത്. ഇത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടേതടക്കം പ്രമോഷനേയും ബാധിക്കും. സി.പി.ഐ നിയന്ത്രണത്തിലുള്ള കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് ഫെഡറേഷന്‍, സ്വതന്ത്ര സംഘടനയായ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പവര്‍ ബോര്‍ഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ എന്നിവയെല്ലാം വിവാദ നടപടിയില്‍ ശക്തമായ പ്രതിഷേധത്തിലാണ്. കോടതിയെ സമീപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
വൈദ്യുതി ബോര്‍ഡിന് അത്രയേറെ അനിവാര്യമായതിനാലാണോ ഡയരക്ടറുടെ സര്‍വിസ് നീട്ടിനല്‍കിയതെന്നതടക്കം ചോദ്യങ്ങള്‍ ഉയരുന്നു. കരാര്‍ നിയമനങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്ന സി.പി.എം തന്നെ ഇത്ര ഉന്നത പദവിയിലേക്ക് കരാര്‍ നിയമനം തുടരുന്നതിന് പിന്നിലെ താല്‍പര്യം ചര്‍ച്ചയാകും. ഇദ്ദേഹത്തിന്റെ സഹോദരനായ കോണ്‍ട്രാക്ടറുടെ താല്‍പര്യം സംരക്ഷിക്കാനാണോ നിയമനം എന്ന ആക്ഷേപം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ 2019 ല്‍ രംഗത്തെത്തിയിരുന്നു. റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും മറികടന്ന് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ബല്‍റാം അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."