ആറിടങ്ങളില്‍ വിജയം ഉറപ്പെന്ന് സി.പി.എം വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസിന് അനുകൂലമായ വികാര പ്രതിഫലനമാകാനാണ് സാധ്യതയെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അതേ സമയം, ഭൂരിപക്ഷ വോട്ടുകളില്‍ ധ്രുവീകരണമുണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. ആറ് മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പെന്നും അഞ്ചിടങ്ങളില്‍ സാധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ വിജയിക്കും. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ട്.
ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ വിജയസാധ്യത കണക്കാക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ദോഷമായി ബാധിക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ബൂത്തുതല കണക്കെടുപ്പ് വിശകലനം ചെയ്താണ് സി.പി.എം നിഗമനത്തിലെത്തിയത്. ഇടതുമുന്നണി ജയിക്കാതിരിക്കാന്‍ മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി അവരുടെ വോട്ട് യു.ഡി.എഫിന് നല്‍കി. തെരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞ കോലീബി സഖ്യം വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഏതൊക്കെ മണ്ഡലങ്ങളിലാണ് സഖ്യം ഉണ്ടായതെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞാലേ മനസിലാക്കാന്‍ കഴിയൂവെന്നുമാണ് വിലയിരുത്തല്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കാന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍, അത് മലബാറിലെ ചില മണ്ഡലങ്ങളില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വയനാട്ടിലും മലപ്പുറത്തും മുസ്‌ലിം വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും.
ശബരിമല വിഷയം ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കിയതിനാല്‍ ചില മണ്ഡലങ്ങളില്‍ അവരുടെ വോട്ടുകള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. തെക്കന്‍ കേരളത്തില്‍ ഹിന്ദു മുന്നാക്ക വോട്ടുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വിഭജിച്ചുപോകാനാണ് സാധ്യത. എന്നാല്‍, ദലിത് വോട്ട് ബാങ്കുകളും ഒരു വിഭാഗം മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളും ഇടതിന് ചില മണ്ഡലങ്ങളിലെങ്കിലും വിജയത്തിന് കളമൊരുക്കിയിട്ടുണ്ട്.
നവോത്ഥാന മൂല്യസംരക്ഷണ സമിതി വഴിയുള്ള മറ്റു പിന്നാക്ക വോട്ടുകളും ഇടതിന് അനുകൂലമായി വന്നിട്ടുണ്ട്. ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലായിരിക്കും ഇത്തരത്തിലുള്ള വോട്ടുകള്‍ പ്രതിഫലിക്കുക. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തെരഞ്ഞെടുപ്പ് വരെ നടന്ന ചിട്ടയായ പ്രവര്‍ത്തനം കാരണം ഇടതുമുന്നണിയുടെ രാഷ്ട്രീയ വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. പോളിങ് ശതമാനം കൂടിയത് ഇടതുമുന്നണിക്ക് തിരിച്ചടിയാകില്ല, അങ്ങനെയാണെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തകര്‍ന്നടിയേണ്ടതല്ലേയെന്നും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയുണ്ടായി. ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടുകയും ഇടതുമുന്നണിയുടെ രാഷ്ട്രീയ വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ലഭിക്കുകയും ഒരുവിഭാഗം ന്യൂനപക്ഷം ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തിട്ടുമുണ്ടെങ്കില്‍ 18 മണ്ഡലങ്ങളിലും ജയിച്ചുകയറാമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി- കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നതായാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിനെ അതിജീവിക്കാന്‍ കഴിയുന്ന ഘടകങ്ങളുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. ന്യൂനപക്ഷവോട്ടുകള്‍ ഇടതിനു ലഭിക്കുമെന്നും അതിനൊപ്പം ഭൂരിപക്ഷവോട്ടുകളും സമാഹരിക്കാന്‍ കഴിയുന്നതിലൂടെ വലിയ മുന്നേറ്റം സാധിക്കുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേ സമയം, വോട്ടിങ് ശതമാനത്തിലുണ്ടായ വര്‍ധനവ് എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും ബി.ജെ.പി വോട്ടുകള്‍ മറിഞ്ഞത് എങ്ങനെ ജയത്തെ ബാധിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഊതിപ്പെരുപ്പിച്ച കണക്ക് വേണ്ടായെന്ന് നേരത്തേതന്നെ ബൂത്ത് കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ബൂത്ത് കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് മണ്ഡലം കമ്മിറ്റി പലകുറി പരിശോധിച്ചശേഷമാണ് ഇന്നലെ സെക്രട്ടേറിയറ്റില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."