കര്‍ഷകരുടെ വായ്പ; മൊറട്ടോറിയം തുലാസില്‍
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. റിസര്‍വ് ബാങ്ക് ഇതുവരെ മൊറട്ടോറിയത്തിന് അനുമതി നല്‍കിയിട്ടില്ല.
കാര്‍ഷിക വായ്പകള്‍ക്ക് നിലവിലുള്ള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് മേയ് അവസാനം ചേരുന്ന സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനമെടുക്കും. കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും ഈ വര്‍ഷം അവസാനം വരെ മൊറട്ടോറിയം നല്‍കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ മുന്നില്‍വച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുതന്നെ ബാങ്കേഴ്‌സ് സമിതി ഇത് റിസര്‍വ് ബാങ്കിന്റെ മുന്നില്‍വച്ചെങ്കിലും ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. ഇപ്പോള്‍ കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം ജൂലൈ വരെ നിലവിലുണ്ട്. അത് ഡിസംബര്‍ വരെ നീട്ടണമോയെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നു.
മെയ് അവസാനം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കുന്നതിനോട് മിക്ക ബാങ്കുകള്‍ക്കും യോജിപ്പില്ല.
എന്നാല്‍, പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലക്ക് താങ്ങാകാന്‍ കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം നീട്ടുന്നതിനോട് ബാങ്കുകള്‍ക്ക് വിയോജിപ്പില്ല. അതേസമയം, മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ഇറക്കാന്‍ കഴിഞ്ഞില്ല.
പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതുവരെ റവന്യൂ വകുപ്പ് ഇത് വച്ചു താമസിപ്പിച്ചത് വിവാദമായിരുന്നു. സര്‍ക്കാരിന്റെ അപേക്ഷ അനുകൂല ശുപാര്‍ശയോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചെങ്കിലും കമ്മിഷന്‍ തിരിച്ചയച്ചു. സംസ്ഥാനം നല്‍കിയ മറുപടി തൃപ്തികരമാകാത്തതിനാല്‍ ഉത്തരവിറക്കാന്‍ അനുവാദവും നല്‍കിയില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവുനല്‍കി ഉത്തരവിറക്കാനുള്ള അനുമതി നല്‍കണമെന്ന ശുപാര്‍ശയോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഫയല്‍ കൈമാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."