കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള നിരോധനം പിൻവലിക്കണം: മാറാക്കര പഞ്ചായത്ത് കെഎംസിസി
ജിദ്ദ: കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കു ഏർപ്പെടുത്തിയ നിരോധനം ഉടനെ പിൻവലിക്കണമെന്ന് സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാൽ സഊദി എയർലൈൻസ് ചാർട്ടേർഡ് വിമാനങ്ങൾക്കു ഇപ്പോൾ കരിപ്പൂരിലേക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും ഇക്കാരണത്താൽ സഊദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലബാറിൽ നിന്നുള്ള പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം ഉടനെ വിതരണം ചെയ്യണമെന്നും കൊ വിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടു കേരളത്തിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച അയ്യായിരം രൂപ ധനസഹായം ഉടനെ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
മാറാക്കര സി.എച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിൽ സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്ത ഹെൽപ് ഡെസ്കിന് സംഭാവന നൽകി സഹകരിച്ചവർക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ഓൺലൈൻ വഴി നടന്ന യോഗത്തിൽ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ നാസർ ഹാജി കാടാമ്പുഴ ഉത്ഘാടനം ചെയ്തു. ബഷീർ നെയ്യത്തൂർ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അമീർ കാരക്കാടൻ വിശദീകരിച്ചു.
മുസ്തഫ പുത്തൻ പീടിയേക്കൽ, ദിൽഷാദ് തലാപ്പിൽ, മുജീബ് റഹ്മാൻ, മുഹമ്മദ് ജാസിം കല്ലൻ, ഒ.പി ശിഹാബ്, എ.കെ അഷറഫലി, സൈനുദ്ധീൻ കരേക്കാട് തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് മുഹമ്മദ് ശഖീഖ് തങ്ങൾ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ജോ. സെക്രട്ടറി മുജീബ് റഹ്മാൻ നെയ്യത്തൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."