പാകിസ്താനെതിരേ ഫാറൂഖ് അബ്ദുല്ല; 'ഞങ്ങള്‍ ആരുടെയും പാവകളല്ല'
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരേ സംയുക്തമായി രംഗത്തുവന്ന ജമ്മു കശ്മിരിലെ രാഷ്ട്രീയപാര്‍ട്ടികളെ അഭിനന്ദനിച്ച് പ്രസ്താവനയിറക്കിയ പാകിസ്താനെ വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല.
പാകിസ്താന്‍ കാലങ്ങളായി കശ്മിരിലെ രാഷ്ട്രീയ നേതാക്കളെ നിന്ദിക്കുകയായിരുന്നെന്നും ഇപ്പോള്‍ അഭിനന്ദിക്കുന്നതിന്റെ ലക്ഷ്യം അറിയാമെന്നും പറഞ്ഞ അദ്ദേഹം, തങ്ങള്‍ ആരുടേയും പാവകളല്ലെന്നും വ്യക്തമാക്കി.
ജമ്മുകശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ കശ്മിരിലെ പ്രധാന പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു പാകിസ്താന്റെ അഭിനന്ദനം. നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് തുടങ്ങിയ വിവിധ പാര്‍ട്ടിയുടെ നേതാക്കള്‍ ഒപ്പുവച്ച പ്രസ്താവന പ്രധാനമാണെന്നും ഇതൊരു സാധാരണ സംഭവമല്ലെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ല പാകിസ്താനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങള്‍ ആരുടെയും പാവകളല്ലെന്നും ജമ്മു കശ്മിരിലെ ജനങ്ങളോടാണ് തങ്ങള്‍ക്കു പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മിരിലേക്ക് ആയുധവുമായി ആളെയയക്കുന്നതു പാകിസ്താന്‍ നിര്‍ത്തണമെന്നും കശ്മിരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനാണ് തങ്ങള്‍ക്കു താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
കശ്മിരിന്റെ പ്രത്യേക പദവി തിരികെനല്‍കണമെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു നേരത്തെ വിവിധ പാര്‍ട്ടി നേതാക്കള്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളായിരുന്നു പ്രസ്താവനയില്‍ ഒപ്പുവച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."