അപകടം വിതച്ച് കലുങ്ക് നിര്‍മാണം
കല്ലമ്പലം: മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ തിരക്കേറിയ റോഡിലെ കലുങ്ക് നിര്‍മാണം അപകടങ്ങള്‍ വരുത്തുന്നതായി പരാതി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ അഞ്ച് അപകടങ്ങളില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് ലാബ് ടെക്‌നീഷ്യന് പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം. തുമ്പോട് പോങ്ങനാട് റോഡില്‍ പടുവഴിയിലാണ് അപകടക്കെണിയായി കലുങ്ക് നിര്‍മാണം നടക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പള്ളിക്കല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു.
തൊട്ടടുത്ത ദിവസം രാത്രിയില്‍ ബൈക്ക് മറിഞ്ഞ് പനപ്പാംകുന്ന് സ്വദേശിക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയും പുലര്‍ച്ചെയുമായി രണ്ട് ബൈക്കുകള്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് ആറ്റിങ്ങലിലെ സ്വകാര്യ ലാബില്‍നിന്ന് ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ലാബ് ടെക്‌നീഷ്യന്‍ സീമന്തപുരം ജിജി ഭവനില്‍ ജിജിത്തിന് (24) പരുക്കേറ്റത്. പണിസ്ഥലത്ത് അലക്ഷ്യമായിട്ട പാറയില്‍ തട്ടി ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തോളെല്ല് പൊട്ടിയ ജിജിത്തിനെ നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
രാത്രിയിലാണ് ഇവിടെ അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. റോഡിന്റെ പകുതിയോളം ഭാഗം ഇടിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത് കലുങ്ക് നിര്‍മ്മിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ നൂറു മീറ്റര്‍ അകലെയായി റോഡിന്റെ ഇരുഭാഗത്തും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇതൊന്നും കരാറുകാരന്‍ പാലിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. അപകടങ്ങള്‍ നടന്നതിനുശേഷം ചെറിയ ബോര്‍ഡ് കലുങ്ക് നിര്‍മാണം നടക്കുന്നതിന് തൊട്ടടുത്ത് സ്ഥാപിച്ചതായി നാട്ടുകാര്‍ പറഞ്ഞു. റോഡ് മുറിച്ച് പണി നടക്കുന്നതായി വാഹനയാത്രികര്‍ക്ക് രാത്രിയില്‍ മനസിലാകാന്‍ തക്ക തരത്തില്‍ സൂചനാ ലൈറ്റുകളോ ബോര്‍ഡുകളോ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."