ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: മൂന്നുപേര്‍കൂടി അറസ്റ്റില്‍
തലപ്പുഴ(വയനാട്): ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ കൂടി തലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തു. എടത്തന മാവുങ്കണ്ടി വട്ടപ്പൊയില്‍ ജയന്‍(38), മക്കോല കളപ്പുരയിലെ വിജയന്‍(33), മക്കോല കളപ്പുരയിലെ ബാലന്‍(48) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ മക്കോല സുമേഷ് (32) മുന്‍പ് അറസ്റ്റിലായിരുന്നു. കാപ്പാട്ടുമല തലക്കാംകുനി കേളു(38)വാണ് വെടിയേറ്റ് മരിച്ചത്.
പേര്യ വള്ളിത്തോട് ദുര്‍ഗാഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കേളുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സുമേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നായാട്ടു സംഘത്തിലെ മറ്റ് മൂവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം മരിച്ച കേളുവിന്റെ സുഹൃത്തുക്കളാണ്. വ്യാഴാഴ്ച രാത്രിയില്‍ നടന്ന മൃഗവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രതികളുടെ മൊഴി.
സുമേഷിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് ഇയാള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. തോക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിയേറ്റു പിടഞ്ഞ കേളു ആ സമയം ഒരു ബന്ധുവിനെയും പ്രദേശത്തെ ചിലരെയും ഫോണില്‍ വിളിച്ചതായും സൂചനയുണ്ട്. വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സംഘത്തിലെ ആരും തയാറായില്ല.
സംഭവം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് പേര്യ വള്ളിത്തോട് സാമൂഹികാരോഗ്യ കേന്ദ്രം. അടിവയറിനും കാലിനും വെടിയേറ്റ കേളു മണിക്കൂറുകളോളം രക്തം വാര്‍ന്നാണ് മരിച്ചതെന്ന് കരുതുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."