നീനയുടെ വിജയത്തില്‍ ആഹ്ലാദിച്ച് നാട്ടുകാരും വീട്ടുകാരും
മേപ്പയ്യൂര്‍: ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വി. നീന ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ നേടിയെടുത്തതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാരും വീട്ടുകാരും.
ജംപിങ് പിറ്റിലേക്ക് കുതിച്ചുചാടി മകള്‍ നാടിന്റെ അഭിമാനതാരമാകുന്നത് മേപ്പയൂരിലെ കൊച്ചു വീട്ടിലെ ടിവിയില്‍ കണ്ടപ്പോള്‍ കര്‍ഷകത്തൊഴിലാളിയായ അച്ഛന് നാരായണനും അമ്മ പ്രസന്നയും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.
വിവരമറിഞ്ഞു വീട്ടിലെത്തിയവര്‍ക്കെല്ലാം നീനയുടെ അനുജത്തി നീതു മധുരം നല്കി സന്തോഷം പങ്കുവച്ചു.
ഹൈദരബാദില്‍ നടന്ന അന്തര്‍സംസ്ഥാന സീനിയര്‍ അത് ലറ്റിക്സില്‍ നീന സ്വര്‍ണം നേടിയിരുന്നു. റെയില്‍വെയില്‍ ജൂനിയര്‍ ടി.ടി.ഇ ആയ നീന ഗുജറാത്തിലെ രാജ്കോട്ടിലാണ് ജോലി ചെയ്യുന്നത്.
മേപ്പയൂര്‍ വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്കൂളിലെ പഠനകാലത്താണ് അത് ലറ്റിക്സിലേക്ക് തിരിഞ്ഞത്. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ഡറിയിലായിരുന്നു എട്ട് മുതല്‍ 11 വരെ ക്ലാസുകളിലെ പഠനം.
ഹൈസ്കൂള്‍ പഠനകാലത്ത് ഷോട്ട്പുട്ടിലും ഹൈജംപിലും ലോങ്ജംപിലും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനത്തെത്തി.
പിന്നീട് തലശേരി ബ്രണ്ണന്‍ കോളജിലെയും പഠന കാലത്ത് ലോങ്ജംപിലും ട്രിപ്പിള്‍ ജംപിലും നേട്ടങ്ങള്‍ കൊയ്തു. മേപ്പയൂര്‍ വി.ഇ.എം.യു.പി സ്കൂളിലെ കായികാധ്യാപകന് കെ.കെ രാമചന്ദ്രനാണ് നീനയിലെ കായികപ്രതിഭയെ ആദ്യമായി പ്രോത്സാഹിപ്പിച്ചത്.
ഏഷ്യന്‍ ഗെയിംസില്‍ നീനക്ക് വെള്ളി നേടിയതോടെ മേപ്പയൂര്‍ ഗ്രാമവും ആഹ്ലാദത്തിലായി.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന് എന്നിവരും പഞ്ചായത്ത് അംഗങ്ങളും നീനയുടെ മാതാപിതാക്കളെ അഭിനന്ദനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."