ഇരട്ടക്കൊലയില്‍ സി.പി.എം-കോണ്‍ഗ്രസ് രാഷ്ട്രീയപ്പോര്: ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന് പങ്കെന്ന് ഇ.പി ജയരാജന്‍: തെളിയിക്കാന്‍ വെല്ലുവിളിച്ച് പ്രകാശ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം- കോണ്‍ഗ്രസ് രാഷ്ട്രീയപ്പോര് മുറുകി. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പങ്കുണ്ടെന്ന് ഇടതു കേന്ദ്രങ്ങള്‍ സൈബറിടത്തിലും അല്ലാതെയും ഉന്നയിച്ച ആരോപണത്തിനു പിന്നാലെ അടൂര്‍ പ്രകാശ് എം.പിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തി.
അതേ സമയം ആരോപണം നിഷേധിച്ച അടൂര്‍ പ്രകാശ്, ഗൂഢാലോചന തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിച്ചു. ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം മറന്ന് വെറുമൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ നിലവാരത്തിലേക്ക് തരം താഴ്‌ന്നെന്നും തോന്നിയത് പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണം കൈയിലുള്ളവരെന്ന നിലയില്‍ ഗൂഢാലോചന തെളിയിക്കാനുള്ള ബാധ്യതയും മന്ത്രിക്കും സി.പി.എമ്മിനുമുണ്ട്.
പ്രതികള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടുണ്ടോയെന്ന് അവര്‍ തന്നെ തെളിയിക്കണം. ഈ സംഭവത്തില്‍ ഒരാള്‍ പോലും തന്നോട് സംസാരിച്ചിട്ടില്ല. എന്നാല്‍ എം.പിയെന്ന നിലയില്‍ മണ്ഡലത്തിലെ പലരും തന്നെ ബന്ധപ്പെടാറുണ്ട്. ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളില്‍ പൊലിസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടുമുണ്ട്. എന്നാല്‍ അതിനു കൊലപാതകവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്നും കൊലയ്ക്കുശേഷം പ്രതികള്‍ പ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടെന്നുമായിരുന്നു ഇ.പി ജയരാജന്റെ ആരോപണം. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മന്ത്രി ആരോപണമുന്നയിച്ചത്. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലക്ഷ്യം നിര്‍വഹിച്ചെന്നാണ് അവര്‍ പ്രകാശിനു കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിനു പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."