കൊവിഡ്: 16 മരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. എറണാകുളം-1, ആലപ്പുഴ-2, കോഴിക്കോട്-1, മലപ്പുറം-2, കൊല്ലം-3, കണ്ണൂര്‍-1, തിരുവനന്തപുരം-3, തൃശൂര്‍-3 എന്നിങ്ങനെയാണ് മരണം.
കോതമംഗലം നെല്ലിക്കുഴി 13ാം വാര്‍ഡില്‍ മൂശാരിക്കുടി മൊയ്തു (60) ആണ് എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മൊയ്തു രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കാര്‍ത്തികപ്പള്ളി പന്ത്രണ്ടാം വാര്‍ഡില്‍ മഹാദേവികാട് പുതുവീട്ടില്‍ ബിജു, എടത്വ പാണ്ടങ്കരി മൂന്നുതൈയ്ക്കല്‍ എം.സി സാമുവേല്‍ (66) എന്നിവരാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ബിജു മരിച്ചത്. ഭാര്യ: രജനി. മകന്‍: ശിവ. സാമുവേല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജസ്‌ലെറ്റ് സാമുവേല്‍, ജസ്റ്റിന്‍ സാമുവേല്‍ (സഊദി), ജസ്റ്റസ് സാമുവേല്‍. മരുമക്കള്‍: ജിജി വര്‍ഗീസ് (പത്തനാപുരം), ടെസ്സി ജസ്റ്റിന്‍, റ്റിന്റു ജസ്റ്റസ്.
മാവൂര്‍ കുതിരാടം കളപ്പറ്റ് തടത്തില്‍ കെ.ടി കമ്മുക്കുട്ടി (58) ആണ് കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ പുലര്‍ച്ച 1.30ഓടെയാണ് മരണം. ഭാര്യ: സുലൈഖ. മക്കള്‍: ഹസീസ, ഫായ്‌സ്, നാസില, സന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദലി, സുലൈമാന്‍, അഷ്‌റഫ്, നഫീസ, മൈമൂന, സുലൈഖ, സുഹ്‌റാബി.
കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷി (69), പ്രമുഖ മതപണ്ഡിതനും ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം യതീംഖാന സ്ഥാപകനുമായിരുന്ന മങ്ങാട്ടുമുറി തോട്ടുംതൊടുവില്‍ പരേതനായ എം. മോയിന്‍കുട്ടി ഹാജിയുടെ ഭാര്യ ഉരുണിക്കുളവന്‍ ആമിന ഹജ്ജുമ്മ (94) എന്നിവരാണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കമലാക്ഷിയെ സെപ്റ്റംബര്‍ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മക്കള്‍: മധുസൂദനന്‍, മനോജ്, മഹേഷ്, മിനി. മരുമക്കള്‍: വിനോദ്, ലതിക.
ആമിനയെ കഴിഞ്ഞ 27നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ്: പരേതനായ ഉരുണിക്കുളവന്‍ മാളിയേക്കല്‍ പോക്കരുട്ടി ഹാജി. മാതാവ്: പരേതയായ ആഇശ ഹജ്ജുമ്മ. മക്കള്‍: ഡോ. എം. അബ്ദുറഹ്മാന്‍ ബാഖവി (ജനറല്‍ സെക്രട്ടറി, യു.എ.ഇ സുന്നി കൗണ്‍സില്‍), എം. അബ്ദുസ്സലാം ഫൈസി (മുന്‍ ചെയര്‍മാന്‍, ജിദ്ദ ഇസ്‌ലാമിക് സെന്റര്‍), ഡോ. എം. അബൂബക്കര്‍ ദാരിമി (അസി. പ്രൊഫ. എം.എ.എം.ഒ കോളജ് മുക്കം), ഫാത്തിമ, ആഇശ, ഖദീജ, പരേതനായ എം.മുഹമ്മദ് ഫൈസി. മരുമക്കള്‍: കെ.പി അലവി ഹാജി (പറപ്പൂര്‍), എം.സി ഫാത്തിമ (മായക്കര), എം.പി ഫാത്തിമ (പാഴൂര്‍), കെ. ഖദീജ (തിരൂര്‍ക്കാട്), പി. റസിയ (കിഴിശ്ശേരി), പരേതരായ എ.എം മുഹമ്മദ് (കരുവന്‍തിരുത്തി), കെ.എസ് അബ്ദുല്ല ഹാജി (മുണ്ടമ്പ്ര).
ചെറിയവെളിനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), അഞ്ചല്‍ കോളജ് ജങ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26), കൊല്ലം കൈക്കളങ്ങര സ്വദേശി ആന്റണി (70 ) എന്നിവരാണ് കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 28നാണ് അശ്വതിയെ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം.
കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശ മുജീബിനെ 31നാണ് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 24നാണ് ആന്റണിയെ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തളിപ്പറമ്പ് കാര്യമ്പലം ഗ്രീന്‍ചാനല്‍ റോഡ് ശരീഫാ മന്‍സിലില്‍ കക്കോട്ടകത്ത് പുതിയപുരയില്‍ സത്താര്‍ (80) ആണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ ചാക്ക് വ്യാപാരിയായിരുന്നു. പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. നേരത്തെ ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: ശരീഫ, ഉമൈറ, സൈബുന്നിസ, അഷ്‌റഫ്, റൈഹാനത്ത്. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്ല, അസ്‌ലം, മഹ്‌റൂഫ്.
കോവളം തൊഴിച്ചല്‍ മുളവിളാകത്ത് ലോചനന്‍ (93), വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ശബരിയാര്‍ (65), വിഴിഞ്ഞം കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ സില്‍വമ്മ (80) എന്നിവരാണ് തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ 22നാണ് ശബരിയാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലോചനന്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വടക്കാഞ്ചേരി ഫൊറോന പള്ളിക്ക് സമീപം താമസിക്കുന്ന പുല്ലാനിക്കാട് ചൊവ്വല്ലൂര്‍ വീട്ടില്‍ റാഫേല്‍ (79), വാഴാനി വെള്ളാംകുണ്ടില്‍ പരേതനായ ചിരിണ്ടന്റെ ഭാര്യ കുറുമ്പ (80), പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നായാടിപറമ്പില്‍ സുലൈമാന്‍ (49) എന്നിവരാണ് തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."