നാടിനായി ഒരുമയോടെ കൈകോര്‍ക്കാം ശുചീകരണ മഹായജ്ഞം നാളെ
കല്‍പ്പറ്റ: മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മിക്കുന്നതിനുള്ള ശുചീകരണ മഹായജ്ഞം നാളെ നടക്കും. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും സഹകരണത്തോടെ നടക്കുന്ന ശുചീകരണത്തില്‍ 25,000 പേര്‍ അണിനിരക്കും. 1100 സന്നദ്ധ പ്രവര്‍ത്തകരും 23 സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനത്തിനാവശ്യമായ സാമഗ്രികള്‍ എല്ലാം തയാറായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പഞ്ചായത്ത് ഏകോപനസമിതിക്കാണ് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ശുചീകരണ സ്ഥലവും സാമഗ്രികളും ലഭ്യമാക്കേണ്ട ചുമതല. പഞ്ചായത്ത് തയാറാക്കുന്ന വര്‍ക്പ്ലാന്‍ ജില്ലാ പ്ലാനിങ് ഓഫിസ് മുഖേന കലക്ടറേറ്റില്‍ സമര്‍പ്പിക്കണം. പ്രളയബാധിത പ്രദേശങ്ങളൊന്നും ശുചീകരണ പുനരധിവാസ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു പോകാതിരിക്കാന്‍ ഫോട്ടോ സഹിതമുള്ള ഡോക്യുമെന്റേഷന്‍ തയാറാക്കും. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെ ശേഖരിക്കും. ഇവ ഹരിത സഹായ ഏജന്‍സികളായ ക്ലീന്‍ കേരള, നിറവ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഏറ്റെടുക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ശുചീകരണത്തിന് പങ്കാളിയാകണം.
വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടത്തിയ മുന്നൊരുക്ക യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 615 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ ഒരുക്കുന്ന താല്‍ക്കാലിക ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം സാമൂഹ്യ സുരക്ഷ കൂടി ഉറപ്പാക്കണം. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കന്നതിന് എല്ലാ പഞ്ചായത്തിലും ഒരു മാസത്തേക്ക് ഒരു ഡോക്ടറുടേയും ഒരു നഴ്‌സിന്റേയും ആറു ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. ശുചീകരണ മുന്നൊരുക്കം സംബന്ധിച്ച് ആസൂത്രണഭവന്‍ ഹാളില്‍ ചേര്‍ന്ന തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സംഘടനാ പ്രതിനിധികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നഷ്ടമായ 10,030 കുടുംബങ്ങള്‍ക്ക് അടുത്ത ഒരു മാസത്തേക്ക് അഞ്ച് കിലോ അരി മാവേലി സ്റ്റോര്‍ വഴി നല്‍കുന്നതിന് പഞ്ചായത്ത് ഏകോപന സമിതി പട്ടിക തയാറാക്കി വില്ലേജ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അരി നല്‍കും. പഠനോപകരണങ്ങള്‍ പുസ്തകങ്ങള്‍ എന്നിവ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവ സ്‌കൂള്‍ തുറക്കുന്ന ദിവസം വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവര്‍ക്കായി പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ 15 വരെ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴി ഇതിന്റെ അപേക്ഷ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
വയനാടിനെ പുനഃസ്ഥാപിക്കുകയല്ല പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അതിന് എല്ലാ വിഭാഗമാളുകളുടേയും സഹായവും സഹകരണവും തുടര്‍ന്നും ഉണ്ടാകണമെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എന്നിവര്‍ സംയുക്തമായി അഭ്യര്‍ഥിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം കെ. അജീഷ്, പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."