നാളികേരത്തിന്റെ നാട്ടില്‍
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തില്‍ ആദ്യം പരാമര്‍ശിക്കുന്ന വൃക്ഷമാണ് തെങ്ങ്.
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷവും തെങ്ങുതന്നെ. ക്രിസ്തുവിനും 300 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാണ് കേരളത്തിലെ തെങ്ങുകൃഷി.
എല്ലാ ഭാഗവും ഉപയോഗപ്രദമായ വൃക്ഷം എന്ന നിലയിലാണ് തെങ്ങ് കല്‍പവൃക്ഷം എന്ന പേരിലറിയപ്പെടുന്നത്. പന കുടുംബമായ അരക്കേസി അഥവാ പാമേയിലെ അംഗമാണ് തെങ്ങ്.
ശാസ്ത്രനാമം കോകോസ് ന്യൂസിഫെറ. കൊക്കോസ് എന്ന ജനുസിലെ ഒരേയൊരു സ്പിഷീസാണിത്.
കുരങ്ങിന്റെ മുഖം പോലുള്ള വികൃത മുഖം എന്നൊക്കെ അര്‍ഥം വരുന്ന കൊക്കോസ് എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് ഇംഗ്ലിഷിലും ലാറ്റിനിലുമെല്ലാം തെങ്ങിന് കോക്കനട്ട് എന്ന പേരുവന്നത്.
തേങ്ങയ്ക്ക് മനുഷ്യന്റെയോ കുരങ്ങിന്റെയോ തലയോടും തേങ്ങയിലെ മൂന്നു കണ്ണുകള്‍ക്ക് മുഖത്തെ കണ്ണുകളോടും വായോടുമുള്ള സാദൃശ്യം മൂലമാണ് ഈ പേരുനല്‍കിയത്.
കായ്കള്‍ വഹിക്കുന്നത് എന്നാണ് ന്യൂസിഫെറ എന്ന സ്പിഷീസ് നാമത്തിനര്‍ഥം.
ദിനാചരണം
ഏഷ്യന്‍ ആന്‍ഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകദിനമായ സെപ്റ്റംബര്‍ 2 ലോകമൊട്ടാകെ നാളികേര ദിനമായി ആചരിക്കുന്നു.
തെങ്ങുകൃഷി ചെയ്യുന്ന ലോകത്തിലെ മിക്കവാറും എല്ലാരാജ്യങ്ങളും അംഗങ്ങളായ സംഘടനയാണ് ഏഷ്യന്‍ ആന്‍ഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി- ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ പസഫിക്കിന്റെ കീഴില്‍ ഈ സംഘടന രൂപം കൊണ്ടത് 1969 സെപ്റ്റംബര്‍ 2-നാണ്. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ കേര ഉല്‍പന്നങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിച്ചുവരുന്നു.
ഒന്നും കളയാനില്ല
ലോകത്തിലെ ഏറ്റവും ഉപകാരപ്രദമായ പത്തു വൃക്ഷങ്ങളില്‍ ഒന്നാണ് തെങ്ങ്. ഔഷധവും ആഹാരവും എണ്ണയും വിറകും എന്നു വേണ്ട വീടുണ്ടാക്കാനുള്ള തടിയും ഓലയും ചകിരിയും ചിരട്ടയും ഒക്കെ തരുന്നതാണ് നമ്മുടെ കല്‍പവൃക്ഷം.
ലോകത്തെ ഏറ്റവും ആരോഗ്യദായകമായ ഒരു പ്രകൃതിദത്ത പാനീയമാണ് കരിക്കിന്‍ വെള്ളം. തേങ്ങപ്പാലില്‍ പഞ്ചസാര, ആല്‍ബുമിന്‍, ടാര്‍ടാറിക് അമ്ലം എന്നിവയും വെളിച്ചെണ്ണയില്‍ ജീവകങ്ങള്‍ ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, കാപ്രിലിക് ഗ്ലിസറൈഡുകള്‍, മിരിസ്റ്റിക് അമ്ലം, സറ്റിയറിക് അമ്ലം, പ്രതിരോധ ശേഷി നല്‍കുന്ന ലോറിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. തെങ്ങോല ചുട്ടെടുത്ത ചാരത്തില്‍ ധാരാളം പൊട്ടാഷ് അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് നല്ലൊരു വളവുമാണ്.
തെങ്ങ് ജനിച്ചത്
തെങ്ങിന്റെ ജന്മദേശത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അമേരിക്കയാണ് തെങ്ങിന്റെ ജന്മദേശമെന്ന് ചില സസ്യശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ തെങ്ങിന്റെ ഉത്ഭവം ഇന്തോനേഷ്യയും ഫിലിപ്പീന്‍സും ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യാ ഭൂഖണ്ഡത്തിലാണെന്ന നിഗമനമാണ് കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുളളത്. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഇന്ത്യ, ശ്രീലങ്ക, ഫിജി, മൈക്രോനേഷ്യ, മലേഷ്യ, മാര്‍ഷ്യല്‍ ദ്വീപുകള്‍, പാപ്പുവന്യൂഗിനിയ, സോളാര്‍ ദ്വീപുകള്‍, തായ്‌ലന്‍ഡ്, ടോംഗ, വന്യാറ്റു, വിയറ്റ്‌നാം, സമോവ, കിരിബാറ്റി എന്നിങ്ങനെ തെങ്ങുകൃഷിയുള്ള 18 രാജ്യങ്ങള്‍ ഇതിലെ അംഗങ്ങളാണ്. ഇന്തോനേഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്ത് തെങ്ങുകൃഷി നടത്തുന്ന രാജ്യം. രണ്ടാം സ്ഥാനം ഫിലിപ്പൈന്‍സിനാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് നമ്മള്‍ അവകാശപ്പെടുന്നു. ഒരു കാലത്ത് ഇന്ത്യയിലെ നാളികേര കൃഷിയുടെ 75 ശതമാനം കേരളത്തിലായിരുന്നു. ഇപ്പോഴത് 40 ശതമാനം ആയി ചുരുങ്ങി. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ, ഗോവ, മഹാരാഷ്ട്ര, ബംഗാള്‍, ആന്‍ഡമാന്‍ എന്നിവിടങ്ങളില്ലൊം കേരകൃഷി വ്യാപിച്ചു.
ഒറ്റമൂലി
മനുഷ്യരക്തത്തിലെ പ്ലാസമയോട് ഏറെ സാമ്യതകളുണ്ട് തേങ്ങാവെള്ളത്തിന്. യുദ്ധകാലത്ത് അത്യാസന്ന ഘട്ടത്തില്‍ പ്ലാസ്മയ്ക്കു പകരം തേങ്ങാവെള്ളമാണ് ഉപയോഗിച്ചിരുന്നത്. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഒന്നാംതരം പാനീയമാണ് ഇളനീര്. ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍, പഞ്ചസാര, അമിനോ ആസിഡ് എന്നിങ്ങനെ ആരോഗ്യത്തിനു ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്. പച്ചവെള്ളം കഴിഞ്ഞാല്‍ ഏറ്റവും ശുദ്ധമായ വെള്ളവും ഇളനീരു തന്നെ. പാലിനെക്കാള്‍ പോഷണം ഇതില്‍നിന്നു ലഭിക്കും. കൊഴുപ്പും കൊളസ്‌ട്രോളും തീരെ ഇല്ല. നീര്‍ജലീകരണത്തിന് പരിഹാരമായും മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും തേങ്ങാവെള്ളം ഔഷധമാണ്. ഇതിനു പുറമെ ചര്‍മസംരക്ഷണത്തിനും അലര്‍ജി മുതലായ ചര്‍മത്തിലെ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണയും തേങ്ങാവെളളവും നല്ലതാണ്. തേങ്ങാവെള്ളം ദ്രാവകരൂപത്തിലുളള ഒരു കല (ടിഷ്യു) ആണ്. തെങ്ങിന്റെ ഫലത്തിലെ ബീജാന്നമാണ് ഈ ടിഷ്യു.
തേങ്ങോത്സവം
ഫിലിപ്പൈന്‍സിലെ ലഗൂണ പ്രവിശ്യയിലെ പാബ്ലോ നഗരത്തിലെ വാര്‍ഷികാഘോഷമാണ് കോക്കനട്ട് ഫെസ്റ്റിവല്‍. ജനുവരി മാസത്തിലെ ആദ്യ ദിവസങ്ങളില്‍ കൊണ്ടാടുന്ന ഈ ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം തെരുവു നൃത്തങ്ങളും വര്‍ണാഭമായ ഘോഷയാത്രയുമാണ്. തെങ്ങില്‍നിന്നുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ച വസ്ത്രങ്ങളും അലങ്കാരങ്ങളുമാണ് ഘോഷയാത്രയ്ക്ക് ഉപയോഗിക്കുക എന്നതാണ് കോക്കനട്ട് ഫെസ്റ്റിവലിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."