അനുവിന്റെ മരണം: സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി നിര്‍ദേശിക്കുന്ന കമന്റിടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
കണ്ണൂര്‍: പി.എസ്.സി റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ വന്നിട്ടും നിയമനം കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുന്ന തരത്തിലുള്ള കമന്റെുകള്‍ ഇടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശം വഴിയാണ് നിര്‍ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ സംഘടിതമായി കമന്റിടാനും നിര്‍ദേശമുണ്ട്. ഈ വിഷയത്തില്‍ എന്തു കമന്റിടണമെന്നു പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കുമെന്നും വ്യക്തമാക്കികൊണ്ട് ജില്ലാ സെക്രട്ടറി പാര്‍ട്ടി ഗ്രൂപ്പുകളില്‍ നല്‍കിയ ശബ്ദസന്ദേശം പുറത്തുവന്നു.
അനുവിന്റെ മരണത്തില്‍ എതിരാളികള്‍ നല്ലതുപോലെ ആസൂത്രണം ചെയ്തു സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ രേഖപ്പെടുത്തും. നമ്മളും ആസൂത്രിതമായി ഇതുപോലെ ചെയ്യണം. ഒരു ലോക്കല്‍ കമ്മിറ്റിക്കു കീഴില്‍ തന്നെ 300 മുതല്‍ 400 വരെ കമന്റുകള്‍ രേഖപ്പെടുത്തണം. ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റിടരുത്. വെവ്വേറെ ആളുകള്‍ ചെയ്യണം. ഫേസ്ബുക്ക് ലൈക്ക് വര്‍ധിപ്പിക്കുന്നതില്‍ എല്ലാ സഖാക്കളും നേതൃപരമായ പങ്ക് വഹിക്കണം. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ഈ നിര്‍ദേശം പോകണമെന്നും എം.വി ജയരാജന്‍ ശബ്ദരേഖയില്‍ നിര്‍ദേശിക്കുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണം തുറന്നുകാട്ടാനാണു പറഞ്ഞതെന്ന് എം.വി ജയരാജന്‍ വിശദീകരിച്ചു. വസ്തുതകള്‍ നിരത്തി മറുപടികള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."