ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
ചെന്നൈ/ തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു. കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ കടലില്‍ പോവരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ വിഭാഗം നിര്‍ദേശം നല്കി. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ (കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടിലാണ്.
ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്താണ് അതിതീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടിരുന്നത്. ന്യൂനമര്‍ദം അതിതീവ്രമായി മാറിയതോടെ ഇന്ന് വൈകിട്ട് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റ് ആന്ധ്ര തമിഴ്നാട് തീരങ്ങളെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. 24 മണിക്കൂറില്‍ ഫാനി ഒരു തീവ്ര ചുഴലിക്കാറ്റായി മാറും. ഏപ്രില്‍ 30 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറാനും ഏപ്രില്‍ 30 ന് ഫാനി തമിഴ്നാട് ആന്ധ്ര തീരത്തോട് അടുത്ത് എത്താനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ 28നു രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഏപ്രില്‍ 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."