ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും എ.എ.പിയും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും എ.എ.പിയും രംഗത്ത്. സഖ്യചര്‍ച്ച പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണെന്ന് എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. പ്രതിപക്ഷ ശക്തികളെ ഇല്ലായ്മ ചെയ്യാനും ശേഷി കുറയ്ക്കാനുമാണ് രാഹുല്‍ ശ്രമിക്കുന്നത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയേയും ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യത്തെയും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനേയും കേരളത്തില്‍ ഇടതുപക്ഷത്തെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്- കെജ്‌രിവാള്‍ ആരോപിച്ചു.
ഇന്ത്യ ടുഡേക്ക് നലകിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ രാഹുലിനും കോണ്‍ഗ്രസിനുമെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്. എ.എ.പിക്ക് നാലുസീറ്റുകള്‍ നല്‍കാമെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ നയം വ്യക്തമാക്കിയതായിരുന്നില്ലേ എന്ന ചോദ്യത്തിന്, രാഹുലിന്റെ ട്വീറ്റിന് പ്രത്യേകിച്ചൊരു അര്‍ഥമില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെ വിവിധകക്ഷികള്‍ക്കിടയില്‍ സഖ്യം രൂപീകരിച്ചതായി രാഷ്ട്രീയ ചരിത്രത്തില്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? പൊതു ഇടങ്ങളില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന വിധത്തില്‍ രാഹുല്‍ ഗാന്ധി അഭിനയിക്കുകയായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം അങ്ങിനെയല്ല. ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടായിരുന്നില്ല- കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍, ഡല്‍ഹിയില്‍ എ.എ.പിയുടെ കടുംപിടിത്തമാണ് സഖ്യം തകരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സഖ്യത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുവിട്ടുവീഴ്ചയ്ക്കും സന്നദ്ധമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ സഹകരണ ഹസ്തം എ.എ.പി തള്ളിമാറ്റുകയായിരുന്നു- പാര്‍ട്ടി വക്താവ് രാഗിണി നായക് പറഞ്ഞു.
പിന്നാലെ സാമുദായിക ദ്രുവീകരണം ഉണ്ടാക്കും വിധം വോട്ടഭ്യര്‍ഥിച്ച കെജ്‌രിവാളിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. മുന്‍ എം.പി സന്ദീപ് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം നേതാക്കളാണ് കമ്മിഷന്‍ ആസ്ഥാനത്തെത്തി ഇക്കാര്യം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."