കൂടുതല്‍ സെലിബ്രിറ്റികളെ മത്സരിപ്പിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: വെറുതെ പാര്‍ലമെന്റിലിരുന്ന് ഉറക്കം തൂങ്ങാനാണെങ്കിലും സെലിബ്രിറ്റികളെ മത്സരിപ്പിക്കുന്ന പതിവ് പരിപാടിക്ക് ബി.ജെ.പി ഇത്തണ കുറവൊന്നും വരുത്തിയില്ല. ഡല്‍ഹിയില്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് പിന്നാലെ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ മത്സരിക്കാന്‍ സണ്ണി ദിയോള്‍ കൂടി ചേര്‍ന്നതോടെ ബി.ജെ.പി മത്സരിപ്പിക്കുന്ന സെലിബ്രിറ്റികളുടെ എണ്ണം വീണ്ടും കൂടി.
സണ്ണി ദിയോളിന്റെ രണ്ടാനമ്മ ഹേമ മാലിനി നിലവില്‍ മധുരയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. പിതാവ് ധര്‍മ്മേന്ദ്ര 2014ല്‍ ബിക്കാനീറില്‍ നിന്ന് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് ജയിച്ചിരുന്നെങ്കിലും സഭയില്‍ വല്ലപ്പോഴും മാത്രമായിരുന്നു എത്തിയിരുന്നത്.
ദിയോളിന് മുന്‍പ് മറ്റൊരു സെലിബ്രിറ്റിയായിരുന്ന വിനോദ് ഖന്നയായിരുന്നു ഗുര്‍ദാസ്പൂരില്‍ നിന്ന് നാലുതവണ ജയിച്ചിരുന്നത്. ചണ്ഡിഗഡില്‍ നിന്ന് 2014ല്‍ ബി.ജെ.പി നടന്‍ കിരണ്‍ ഖേറിനെയും മത്സരിപ്പിച്ചു. ഭോജ്പൂരി നടനായിരുന്ന മനോജ് തിവാരി എസ്.പി സ്ഥാനാര്‍ഥിയായി 2009ല്‍ യോഗി ആദിത്യനാഥിനെതിരേ ഘോരക്പൂരില്‍ മത്സരിച്ചതാണ്. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന് നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ചു ജയിച്ചു.
ഇത്തവണയും തിവാരി അവിടെ നിന്ന് മത്സരിക്കുന്നു. ഭോജ്പൂരി നടന്‍ റായ് കൃഷ്ണ(ഘോരക്പൂര്‍), ദിനേശ് യാദവ് നിരാഹുവ(അഅ്‌സംഗഡ്), ജയപ്രദ (രാംപൂര്‍), സുരേഷ് ഗോപി (തൃശൂര്‍) എന്നിവരാണ് ഇത്തവണ ബി.ജെ.പി ടിക്കറ്റ് നേടിയ മറ്റു ചില സെലിബ്രിറ്റികള്‍.
ശത്രുഘ്‌നന്‍ സിന്‍ഹയും വിനോദ് ഖന്നയും വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിമാരായാരുന്നു. സിന്‍ഹ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത്തവണ പാടലീ പുത്രയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു. ക്രിക്കറ്റ് താരങ്ങളായ നവജ്യോത് സിങ് സിദ്ധുവും കീര്‍ത്തി ആസാദും ബി.ജെ.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഇരുവരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമബംഗാളിലെ അസന്‍സോളില്‍ നിന്ന് പാട്ടുകാരന്‍ ബാബുല്‍ സുപ്രിയോ വീണ്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഹൂഗ്‌ളിയില്‍ മത്സരിക്കുന്നത് നടന്‍ ലോക്കറ്റ് ചാറ്റര്‍ജിയാണ്. രൂപാ ഗാംഗുലി ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ നടന്‍മാരായ മൂണ്‍ മൂണ്‍ സെന്‍, ശതാബ്ദി റോയ്, മിമി ചക്രബര്‍ത്തി, നുസ്‌റത്ത് ജഹാന്‍ എന്നിവരെയും മത്സരിപ്പിക്കുന്നു. സെലിബ്രിറ്റികളെ വച്ചുള്ള പരീക്ഷണം ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും സീറ്റ് നല്‍കുന്നതില്‍ ഒരു പിശുക്കും ബി.ജെ.പി കാട്ടിയിട്ടില്ല. നടി സ്മൃതി ഇറാനി, ഒളിംപിക്‌സ് ഷൂട്ടിങ് മെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവരാണ് ഇത്തരത്തില്‍ എത്തിപ്പെട്ടവരില്‍ ശ്രദ്ധേയമായ പദവിയിലെത്തിയവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."