പ്രളയം: കുടകില്‍ കോടികളുടെ കൃഷിനാശം
മടിക്കേരി: കുടകിലെ പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല. കാപ്പി, കുരുമുളക് മേഘലയില്‍ കോടികളുടെ നഷ്ടം. ശക്തമായ മഴയിലും പ്രളയത്തിലും ഏകദേശം 2500 കോടിയുടെ കാപ്പി വിളവും 700 കോടിയുടെ കുരുമുളക് വിളവും ജില്ലയില്‍ നശിച്ചതായി ജില്ലാ കാപ്പി ബോര്‍ഡ് അധ്യക്ഷന്‍ എം.എസ് ബോജേഗൗഡ പറഞ്ഞു. കാപ്പി ബോര്‍ഡ് അംഗങ്ങള്‍ ജില്ലയില്‍ തകര്‍ന്നടിഞ്ഞ കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരം ബംഗളൂരുവിലെ കാപ്പി ബോര്‍ഡും മന്ത്രിമാരും എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 200 വര്‍ഷത്തിനിടെ ചരിത്രത്തില്‍ ഇല്ലാത്ത നഷ്ടമാണ് കുടകില്‍ ഉണ്ടായതെന്നും വിലയിരുത്തപ്പെടുന്നു. മുന്‍പെങ്ങും മഴക്കെടുതിയാല്‍ ഇത്രമാത്രം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. കുടകിന്റെ മുഖ്യ വരുമാന മാര്‍ഗമാണ് ഇതോടെ തകര്‍ന്നിരിക്കുന്നത്. ജില്ലയിലെ ലക്ഷക്കണക്കിനു തൊഴിലാളികളുടെ ഉപജീവന മാര്‍ഗമാണ് സ്തംഭനത്തിലായത്. മക്കന്തൂരു, മേഘത്താളു ഹെമ്മത്താളു, ഹട്ടിഹൊളെ, തന്തിപാല ഭാഗങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ കാപ്പിത്തോട്ടങ്ങളാണ് പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാമാവശേഷമായത്. വടക്ക് ഭാഗങ്ങളിലെ മലയാളികളുടെ മുഖ്യ വരുമാന മേഘല കൂടിയാണ് കുരുമുളക്. ഇത്തവണ കുരുമുളകും വലിയ നഷ്ടത്തിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."