യമനില്‍ വിമതര്‍ക്കെതിരേ ബോംബുകളുടെ പെരുമഴ; പിന്തുണയുമായി അമേരിക്ക
റിയാദ്: യമനില്‍ അവശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി ഔദ്യോഗിക സര്‍ക്കാരിന് കീഴിലാക്കാനായി സഖ്യ സേനയുടെ നേതൃത്വത്തില്‍ ആക്രമണം ശക്തമാക്കി. ഇവിടെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയാണ് ആക്രമണം വ്യാപിപ്പിച്ചത്. ഇറാന്‍ പിന്തുണയോടെ പിടിച്ചു നില്‍ക്കുന്ന ഹൂതികള്‍ക്കെതിരെ ഏതാനും ദിവസങ്ങളായി വിവിധ ഭാഗങ്ങളില്‍ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. യമന്‍ തലസ്ഥാന നഗരിയായ സന്‍ആയിലെ ഹൂതി കേന്ദ്രങ്ങളും സൈനിക ബേസുകളും ആക്രമണത്തില്‍ നശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ സഖ്യ സേന നടത്തിയ ആക്രമങ്ങളില്‍ ഹൂഥികള്‍ക്ക് കനത്ത ആള്‍നാശവും സൈനിക നാശവും ഉണ്ടായിട്ടുണ്ട്. ഇവിടെ ഹൂതികളുടെ സൈനിക പരിശീലന ക്യാമ്പും വ്യോമാക്രമണത്തില്‍ തകര്‍ത്തു.
ഹജ്ജാഹ് പ്രവിശ്യയിലെ സൈനിക മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നു സഖ്യ സേന ഓപ്പറേഷനിടെ ഇരുന്നൂറിലധികം ഹൂതി വിമതരാണ് കൊല്ലപ്പെട്ടത്. മുതിര്‍ന്ന നേതാവായ അബ്ദുല്‍ വാഹിദ് മുഹമ്മദ് ഹുസൈന്‍, ജഡ്ജി സലാഹ് മസ്സാദ് ഖമൂസിയടക്കം നിരവധി നേതാക്കളും ഹൂതി കമാണ്ടര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് സഖ്യ സേന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സഊദിയിലേക്കടക്കം മിസൈലുകള്‍ തൊടുക്കുന്ന പതിനെട്ടോളം മിസൈല്‍ ലോഞ്ച് പോയിന്റുകളും നശിപ്പിച്ചു.
അതേസമയം, അറബ് സഖ്യ സേനക്ക് നല്‍കി വരുന്ന പിന്തുണ തുടരുമെന്ന് അമേരിക്ക അറിയിച്ചു. യമനില്‍ ഹൂതികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിവരുന്ന സൈനിക നടപടി ശരിയായ ദിശയിലാണെന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പെന്റഗണില്‍ പറഞ്ഞു. യമനിലെ അറബ സഖ്യ സേനയുടെ സൈനിക നടപടി ഞങ്ങള്‍ പരിശോധിച്ചു. യമന്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയേകി അവര്‍ നടത്തുന്ന സൈനിക നീക്കം ശരിയായ ദിശയിലെന്ന് വിലയിരുത്തി. യമനിലെ ഇറാന്‍ അനുകൂല തീവ്രവാദികളായ ഹൂതികള്‍, ഐ എസ് ഐ എസ്, അറേബ്യന്‍ പെനിസുലയിലെ അല്‍ഖാഇദ,എന്നിവക്കെതിരെ അമേരിക്കയും നടപടികള്‍ കൈകൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."