കരുവാറ്റ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച നാലര കിലോ സ്വര്‍ണവും നാലുലക്ഷം രൂപയും മോഷണം പോയി
ഹരിപ്പാട്: കരുവാറ്റ സഹകരണബാങ്കില്നടന്ന കവര്‍ച്ചയില്‍ നാലര കിലോ സ്വര്‍ണവും നാലു ലക്ഷം രൂപയും മോഷണം പോയി. കരുവാറ്റ ടി.ബി ജങ്ഷനു സമീപമുള്ള ബാങ്കിലാണ് കവര്‍ച്ച നടന്നത്.
ഓണാവധിയെ തുടര്‍ന്ന് 27ന് ഉച്ചയോടെയാണ് ബാങ്ക് അടച്ചത്. പിന്നീട് ഇന്നലെ രാവിലെ ബാങ്ക് സെക്രട്ടറി വന്നുതുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടര്‍ന്ന് ഹരിപ്പാട് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മുന്‍വശത്തെ വാതിലും ഒരു ജനലും പൊളിച്ച നിലയിലാണ്. മുന്‍വശത്തെ വാതിലില്‍ കൂടിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോങ് റൂമിന്റെ വാതിലിന്റെ താഴ്ഭാഗം മുറിച്ചുമാറ്റുകയും അതുവഴി മുറിക്കുള്ളില്‍ കടന്ന് സെയ്ഫ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് സ്വര്‍ണവും പണവും കവര്‍ന്നിരിക്കുന്നത്. മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട ശേഷം ജനലഴികള്‍ മുറിച്ചാണ് മോഷ്ടാക്കള്‍ പുറത്തുവന്നതെന്നാണ് പൊലിസിന്റെ ആദ്യ നിഗമനം.
ബാങ്കിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്കുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. രണ്ടു കംപ്യൂട്ടറുകളും മോഷണം പോയിട്ടുണ്ട്.
ആലപ്പുഴ ജില്ലാ പൊലിസ് സൂപ്രണ്ട് പി.എസ് സാബു, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ആര് ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, സയന്റിഫിക് വിദഗ്ധര്‍ എന്നിവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."