ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാനുള്ള പൊലിസ് നീക്കം ചെറുക്കും: യൂത്ത് ലീഗ്
കോഴിക്കോട്: ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എന്തു വിലകൊടുത്തും ഇതു ചെറുക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും.
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല പ്രദേശമാക്കി കുടിയിറക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരേ താമരശ്ശേരിയില്‍ സമരം ചെയ്ത ജില്ലാ പഞ്ചായത്തംഗവും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. വന്യജീവി സങ്കേതത്തിന്റെ പേരില്‍ മലയോര മേഖലയിലെ കര്‍ഷകരെയും ആയിരക്കണക്കിന് കുടുംബങ്ങളെയും വഴിയാധാരമാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. നിലവില്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം റദ്ദാക്കണമെന്നും മേഖലയിലെ ജനപ്രതിനിധികളെയും കര്‍ഷക പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഇക്കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."