HOME
DETAILS
MAL
30 ദിവസം അതിജീവിച്ച് ഒരു കുഞ്ഞു ജീവന്‍..?
backup
September 05 2020 | 02:09 AM
ബൈറൂത്ത്: 191 പേരുടെ ജീവനെടുത്ത ബൈറൂത്ത് തുറമുഖത്തെ സ്‌ഫോടനം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയായി. എന്നാല്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരൊക്കെയോ ശേഷിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. ചിലിയില്‍ നിന്നുള്ള രക്ഷാസേനയിലെ അംഗങ്ങളാണ് പരിശീലനം സിദ്ധിച്ച നായയുടെ സഹായത്തോടെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് കണ്ടെത്തിയത്. സ്‌കാനിങ് മെഷീനിലാണ് ഹൃദയമിടിപ്പിന്റെയും ശ്വസനത്തിന്റെയും അടയാളങ്ങള്‍ തെളിഞ്ഞത്. അതൊരു കുഞ്ഞിന്റേതാണെന്നാണ് തോന്നുന്നതെന്ന് സംഘാംഗം പറഞ്ഞു.
പുനര്‍നിര്‍മാണത്തിനു മുമ്പ് തലസ്ഥാനത്തെ കെട്ടിടങ്ങള്‍ പരിശോധിക്കുന്നതിന് ബൈറൂത്തിലെത്തിയതായിരുന്നു ചിലിയിലെ ടോപോസ് ടീം. കൂടെയുള്ള നായ ഒരു കെട്ടിടത്തിനു നേരെ ഓടി മനുഷ്യസാന്നിധ്യം ഉണ്ടെന്ന് കുരച്ചറിയിക്കുകയായിരുന്നു. സംഘം അവിടെ ജീവസാന്നിധ്യം കണ്ടെത്തുന്ന യന്ത്രമുപയോഗിച്ച് പരിശോധിച്ചപ്പോള്‍ മിനുട്ടില്‍ 18 ശ്വാസ ആവൃത്തികള്‍ വരുന്നതായി കണ്ടെത്തി. അതോടെ ആ വിലപിടിച്ച ജീവന്‍ രക്ഷിക്കാനായേക്കുമെന്ന പ്രതീക്ഷയില്‍ അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ചെറിയ പ്രതീക്ഷയേ ഞങ്ങള്‍ക്കുള്ളൂ. എന്നാല്‍ ഒരാളെ കണ്ടെത്താനായാല്‍ അതൊരു അദ്ഭുതമായിരിക്കും- ടോപോസ് ചിലിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എഡ്വേര്‍ഡ് ബിറ്റര്‍ പറഞ്ഞു.
2010ല്‍ ഹെയ്തിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 27 ദിവസത്തിനു ശേഷം ഒരാളെ ടോപോസ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ലബ്‌നാനിലെ പര്‍വതാരോഹകരുടെയും അഗ്നിശമനസേനയുടെയും സഹായത്തോടെ ഓരോ കല്ലുകളായി എടുത്തുമാറ്റിക്കൊണ്ടിരിക്കുകയാണ് സംഘം. കൂടിനില്‍ക്കുന്ന ജനക്കൂട്ടത്തോട് ശബ്ദമുണ്ടാക്കരുതെന്ന് അവര്‍ ഇടയ്ക്കിടെ പറയുന്നു, ആ ജീവന്റെ തുടിപ്പ് തിരിച്ചറിയാന്‍.
ഏഴുവര്‍ഷമായി ബൈറൂത്ത് തുറമുഖത്തെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് നഗരത്തിന്റെ പകുതിയോളം ഭാഗത്തെ ഗ്രസിച്ച സ്‌ഫോടനമുണ്ടായത്. ജനരോഷം ശക്തമായതോടെ മന്ത്രിസഭ ഒന്നടങ്കം രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."