HOME
DETAILS
MAL
പരിയാരം മെഡി. കോളജ്: സ്വാശ്രയ നിരക്കില്‍ ഫീസ് ഈടാക്കുന്നത് സുപ്രിംകോടതി താല്‍ക്കാലികമായി തടഞ്ഞു
backup
September 05 2020 | 03:09 AM
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളോട് സ്വാശ്രയ നിരക്കില്‍ ഫീസ് ഈടാക്കാനുള്ള നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കോടതി.
മൂന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍ ചിലര്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. കേസില്‍ തങ്ങള്‍ വിധി പറയുന്നത് വരെ അധികഫീസ് ഈടാക്കരുതെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30നകം ഫീസ് അടയ്ക്കണമെന്ന് കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നു.
ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിനും ഫീസ് നിയന്ത്രണ സമിതിയ്ക്കും നോട്ടിസയക്കാനും കോടതി നിര്‍ദേശിച്ചു.
2018 ഓഗസ്റ്റില്‍ തങ്ങള്‍ കോളജില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ വാദം. 2016 ഒക്ടോബറില്‍ തന്നെ കോളജ് ഏറ്റെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നതാണ്. അതിനാല്‍ സര്‍ക്കാര്‍ കോളജിലെ ഫീസ് മാത്രമേ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കാവൂ എന്ന് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബസവ പ്രഭു പാട്ടീലും അഭിഭാഷകന്‍ വി.കെ ബിജുവും ആവശ്യപ്പെട്ടു.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയ്ക്കു നല്‍കിയ ഉറപ്പ്, തുടര്‍ന്നുള്ള ഓര്‍ഡിനന്‍സ് തുടങ്ങിയവയും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന പേരില്‍ നോട്ടിസ് നല്‍കിയത് സ്വാശ്രയ നിരക്കില്‍ ഫീസീടാക്കാന്‍ വേണ്ടിയാണെന്നും ഇതു നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."